KeralaCinemaMollywoodLatest NewsNewsEntertainment

‘ധീരമായി നിലപാട് പറയുന്ന പെണ്ണിനെയാണ് ചീത്തവിളിച്ച് ഒതുക്കാൻ നോക്കുന്നത്, വെറുതെ ചിരിപ്പിക്കല്ലേ മിത്രങ്ങളേ’: കുറിപ്പ്

കോഴിക്കോട്: ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിന് നേരെ സൈബർ ആക്രമണം. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്ന താരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഒരു കൂട്ടം ആളുകൾ നിഖിലയ്‌ക്കെതിരെ സൈബർ ആക്രമണം അഴിച്ച് വിടുന്നത്. ഇപ്പോഴിതാ, നിഖിലയ്‌ക്കെതിരായ സൈബർ ആക്രമണത്തെ വിമർശിച്ച് സന്ദീപ് ദാസ്. നിഖില ഇനിയും ബീഫ് കഴിക്കുമെന്നും പശുവിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട സാധുമനുഷ്യർക്കുവേണ്ടി അവർ ഇനിയും ശബ്ദിക്കുമെന്നും സന്ദീപ് ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

‘നിഖില തുടർന്നും ബീഫ് കഴിക്കും. പശുവിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട സാധുമനുഷ്യർക്കുവേണ്ടി അവർ ഇനിയും ശബ്ദിക്കും. ഹിന്ദുത്വവാദികളുടെ നെഞ്ചിൽ തീ കോരിയിടും. മതേതരത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നിഖിലയെ പിന്തുണയ്ക്കും. ഇത്രമേൽ തെളിമയോടെ ധീരമായി നിലപാട് പറയുന്ന പെണ്ണിനെയാണ് ചീത്തവിളിച്ചും പരിഹസിച്ചും ഒതുക്കാൻ നോക്കുന്നത്! വെറുതെ ചിരിപ്പിക്കല്ലേ മിത്രങ്ങളേ…’, സന്ദീപ് ദാസ് വ്യക്തമാക്കി.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

നിഖില വിമലിൻ്റെ വൈറലായ ഇൻ്റർവ്യൂ മുഴുവനും കണ്ടു. അഭിമുഖത്തിൻ്റെ ആദ്യ 20 മിനിറ്റുകളിൽ നിഖിലയുടെ മുഖത്ത് ചിരിയും പ്രസന്നതയും നിറഞ്ഞുനിൽക്കുകയായിരുന്നു. ”നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല” എന്ന പ്രസ്താവന അവതാരകൻ മുന്നോട്ടുവെച്ചതോടെ നിഖില അടിമുടി മാറി. നിഖിലയുടെ ചിരി ഗൗരവമായി പരിണമിച്ചു. വാക്കുകളുടെ മൂർച്ച വർദ്ധിച്ചു. കാലിൻമേൽ കാൽ കയറ്റിവെച്ചു. ശരീരഭാഷയിലെ ആ മാറ്റം തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകൻ്റെ നെഞ്ചിൽ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്!

നിഖില പറഞ്ഞു- ”നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന് ആരാണ് പറഞ്ഞത്? പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല. ഞാൻ എന്തും കഴിക്കും…”

അതുകേട്ട അവതാരകൻ തൻ്റെ വാദത്തെ ന്യായീകരിക്കാൻ പരമാവധി ശ്രമിച്ചു. ”നമ്മൾ സിംഹത്തെ തിന്നുമോ” എന്ന മണ്ടൻ ചോദ്യം ഉന്നയിക്കേണ്ട ഗതികേടിലേയ്ക്ക് വരെ അയാൾ എത്തിച്ചേർന്നു. പക്ഷേ നിഖില സ്വന്തം നിലപാടിൽനിന്ന് ഒരിഞ്ച് പോലും വ്യതിചലിച്ചില്ല.
ബീഫ് കൈവശം വെച്ചു എന്ന ‘കുറ്റം’ ആരോപിച്ചാണ് മുഹമ്മദ് അഖ്ലാഖിനെ കാവിപ്പട ക്രൂരമായി തല്ലിക്കൊന്നത്. ആ കൊലപാതകം നടന്നത് 2015-ലായിരുന്നു. അഖ്ലാഖിനുശേഷം എത്ര പേർ പശുവിൻ്റെ പേരിൽ കൊല്ലപ്പെട്ടുവെന്ന് നമുക്കറിയില്ല. അവരുടെ പേരുകളും വിശദാംശങ്ങളും നമുക്ക് ഓർമ്മയില്ല. അഖ്ലാക്കിൻ്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു എന്ന സത്യവും നാം മറന്നിരിക്കുന്നു. ഭരണകൂടത്തിൻ്റെ ഒത്താശയോടെ അരങ്ങേറുന്ന പശുരാഷ്ട്രീയവും ബുൾഡോസർ രാഷ്ട്രീയവുമെല്ലാം നമുക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു. മുസ്ലീങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നത് ഇപ്പോൾ ഒരു സ്വാഭാവികതയാണ്. ആ പൊതുബോധം തലയിലേറ്റുന്ന ഒരാളാണ് നിഖിലയുടെ അഭിമുഖം നടത്തിയത്.

പക്ഷേ താൻ സംസാരിക്കുന്ന വിഷയത്തിൻ്റെ ഗൗരവം എന്താണെന്ന് നിഖിലയ്ക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ നിലപാടിൽ വെള്ളം ചേര്‍ക്കാൻ തയ്യാറായതുമില്ല. ”ഞാൻ പശു ഇറച്ചി കഴിക്കും” എന്ന് നിഖില മുഖത്ത് നോക്കി തുറന്നടിച്ചപ്പോൾ വികാരം വ്രണപ്പെട്ട അവതാരകൻ ഇപ്രകാരം പ്രതികരിച്ചു- ”എൻ്റെ എല്ലാ സുഹൃത്തുക്കളും ഇത് കാണുന്നുണ്ടല്ലോ അല്ലേ!?”

നിഖിലയെ തെറിവിളിക്കാനുള്ള ആഹ്വാനം പരോക്ഷമായി നൽകുകയായിരുന്നു അവതാരകൻ! മിത്രങ്ങൾ അത് ആനന്ദപൂർവ്വം ഏറ്റെടുത്തു. ഇപ്പോൾ നിഖിലയ്ക്കെതിരെ വ്യക്തിഹത്യയും ചീത്തവിളിയും പൊടിപൊടിക്കുന്നുണ്ട്! പേരറിയാത്ത,ഒട്ടും പ്രിയമില്ലാത്ത അവതാരകാ,
നിഖിലയുടെ കൈയ്യിൽനിന്ന് പരസ്യമായി വയറുനിറച്ച് കിട്ടിയതിൻ്റെ സങ്കടം ഞങ്ങൾക്ക് മനസ്സിലാകും. ഒന്ന് പൊട്ടിക്കരഞ്ഞാൽ തീരുന്ന പ്രശ്നമേ താങ്കൾക്കുള്ളൂ! നിഖില തുടർന്നും ബീഫ് കഴിക്കും. പശുവിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട സാധുമനുഷ്യർക്കുവേണ്ടി അവർ ഇനിയും ശബ്ദിക്കും. ഹിന്ദുത്വവാദികളുടെ നെഞ്ചിൽ തീകോരിയിടും. മതേതരത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നിഖിലയെ പിന്തുണയ്ക്കും. മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ടം എന്ന ക്ലീഷേ ചോദ്യം അവതാരകൻ നിഖിലയോടും ചോദിച്ചിരുന്നു. അവർ അതിന് മറുപടി നൽകിയില്ല. കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങൾ താൻ അർഹിക്കുന്നു എന്നാണ് നിഖില നിശബ്ദമായി അറിയിച്ചത്. അതിൽനിന്ന് പാഠം പഠിക്കാതിരുന്ന അവതാരകൻ പശുവിനെക്കുറിച്ച് സംസാരിച്ചു. കഥയും തീർന്നു! ഇത്രമേൽ തെളിമയോടെ ധീരമായി നിലപാട് പറയുന്ന പെണ്ണിനെയാണ് ചീത്തവിളിച്ചും പരിഹസിച്ചും ഒതുക്കാൻ നോക്കുന്നത്! വെറുതെ ചിരിപ്പിക്കല്ലേ മിത്രങ്ങളേ…!”

 

shortlink

Related Articles

Post Your Comments

Related Articles


Back to top button