KeralaLatest NewsNews

‘കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2’ :കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം മേയ് 14 മുതല്‍ ജൂണ്‍ 2 വരെ

കുട്ടികളും കലാകാരന്മാരും ഒത്ത് ചേര്‍ന്നുള്ള ഒരു കൂട്ട വരയും (COLLECTIVE DRAWING) ഈ പരിപാടിയുടെ ഭാഗമായി നടക്കും

കൊച്ചി: 2021 ജൂണ്‍ രണ്ടിന് കോവിഡ് ബാധയെത്തുടര്‍ന്നു തികച്ചും അപ്രതീക്ഷിതമായി നമ്മെ വിട്ടുപോയ അനുഗ്രഹീത കലാകാരന്‍ കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ അനുസ്മരണാര്‍ഥം ‘കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2’ എന്ന പേരില്‍ മെയ് 14 മുതല്‍ ജൂണ്‍ രണ്ടു വരെ വിവിധ പരിപാടികള്‍ നടക്കും.

മെയ് പതിനാലിന് രാവിലെ HEAVENLY ARTIST for THE DIVINE CHILDREN – ‘ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം എം എല്‍ എ, ടി ജെ വിനോദ് അതുല്യരായ നിരവധി ചിത്രകാരന്മാര്‍ അണിനിരക്കുന്ന ബാദുഷ അനുസ്മരണ പരമ്പരയ്ക്ക് തുടക്കം കുറിക്കും.പ്രസ്തുത ചടങ്ങില്‍ മുന്‍ ജില്ലാ ജഡ്ജിയും കേരള ജൂഡിഷ്യല്‍ അക്കാദമി ഡയറക്ടറുമായിരുന്ന കെ.സത്യന്‍ മുഖ്യാതിഥിയാകും.ജൂണ്‍ രണ്ടിന് കൊച്ചി പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തില്‍ നടക്കുന്ന സമാപന ചടങ്ങിന് കൊച്ചി മേയര്‍ അഡ്വക്കേറ്റ് എം.അനില്‍കുമാര്‍, പ്രശസ്ത ചലച്ചിത്ര താരം സിദ്ധിക്ക് തുടങ്ങിയ പ്രമുഖര്‍ മിഴിവേകും.

read also: ഹിജാബ് നിയമം ഉടൻ നീക്കണമെന്ന് താലിബാനോട് അമേരിക്ക: ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്

കുരുന്നുകളെ, പ്രത്യേകിച്ച് വൈശിഷ്ട്യമേറിയ കഴിവുകളുമായി ജനിക്കുന്ന ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളെ ( SPECIAL CHILDREN) ഒത്തിരി സ്നേഹിക്കുകയും അവരുടെ വികാസത്തിനായി പ്രയത്നിക്കുകയും ചെയ്തിരുന്ന ഒരു കലാകാരനായിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷ യുടെ ഓര്‍മ്മയ്ക്കായി അത്തരം കുരുന്നുകള്‍ക്കായുള്ള പ്രത്യേക പരിപാടിയാണ് വരുന്ന മേയ് 14 ശനിയാഴ്ച കൊച്ചി പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തില്‍ അരങ്ങേറുന്ന ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍” അഥവാ ‘HEAVENLY ARTIST for THE DIVINE CHILDREN’.

മേയ് 14 ശനിയാഴ്ച രാവിലെ 9.15 മുതല്‍ 10.45 വരെ ‘ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൌണ്‍ സിന്‍ഡ്രോം, മറ്റു വൈകല്യങ്ങള്‍’ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, അത്തരം വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലാകാലങ്ങളായി വികാസം പ്രാപിച്ചിരിക്കുന്ന സങ്കേതങ്ങള്‍, ശാരീരിക സംസാര മാനസിക വൈകല്യങ്ങള്‍ അതിജീവിച്ചു ജീവിത വിജയം നേടിയവര്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്ത് കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ കലാകാരന്മാര്‍ ഒരുമിച്ച് ചേര്‍ന്ന് ഇരുപതടി നീളമുള്ള വലിയ ക്യാന്‍വാസില്‍ (BIG CANVAS) കുരുന്നുകളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഒരു ഡൂഡില്‍ വിസ്മയം ഒരുക്കും. തുടര്‍ന്ന്‍ കുട്ടികളും കലാകാരന്മാരും കുട്ടികളുടെ പരിശീലകരും ചേര്‍ന്നുള്ള ആശയ വിനിമയവും തുടര്‍ന്നു കുട്ടികളും കലാകാരന്മാരും ഒത്ത് ചേര്‍ന്നുള്ള ഒരു കൂട്ട വരയും (COLLECTIVE DRAWING) ഈ പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം കുട്ടികള്‍ക്കായി ചിത്ര പഠന ക്യാമ്പും വിനോദ പരിപാടികളും മത്സരങ്ങളും അരങ്ങേറും.ഒന്നാം സമ്മാനം – രണ്ടാം സമ്മാനം എന്നിങ്ങനെ ചേരി തിരിവില്ലാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും ആര്‍ട്ട് ക്യാമ്പില്‍ പങ്കെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. കൂടാതെ കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ കലാകാരന്മാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രേഖാചിത്രവും വരച്ചു നല്‍കുന്നതാണ്.

കാര്‍ട്ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും കുട്ടികള്‍ക്കും,രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെല്‍നസ് കെയറിന്‍റെയും ലേണ്‍വെയര്‍ കിഡ്സിന്റെയും സി എസ് ആര്‍ ഡിവിഷനുകളുടെ സഹകരണത്തോടെയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തിലും സമീപത്തുള്ള പാര്‍ക്കിലുമായി പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ 92 07 07 07 11 ല്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവേശനം തികച്ചും സൗജന്യമാണ്.

ഇത് കൂടാതെ ‘കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2’ അനുസ്മരണ പരമ്പരയുടെ തുടര്‍ച്ചയായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ചിത്രരചന-കാര്‍ട്ടൂണ്‍ മത്സരം, വിദ്യാര്‍ഥികള്‍ക്കായുള്ള കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ വര്‍ക്ക്ഷോപ്പ്‌, ‘ബാദുഷയെ വരയ്ക്കൂ’ എന്നീ പരിപാടികളും ചരമ ദിനമായ ജൂണ്‍ രണ്ടിന് ബാദുഷ വരച്ച ചിത്രങ്ങളുടെയും ബാദുഷയെ പ്രശസ്ത കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും ചിത്രരചന-കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും ഇതേ വേദിയില്‍ നടക്കും.
———————————————————————————————————————————
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി 81370 33177 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

shortlink

Post Your Comments


Back to top button