കൊച്ചി: കാര്‍ട്ടൂണ്‍മാന്‍ ബാദുഷ യുടെ അനുസ്മരണദിനമായ ജൂണ്‍ രണ്ടിന് ആലുവ നൊച്ചിമ സേവന ലൈബ്രറിയില്‍ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്, സേവന ലൈബ്രറിയുടെയും കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ ആര്ട്ട്ഫില് വിത്ത് കാര്‍ട്ടൂണ്‍മാന്‍ (ARTFIL with CARTOONMAN) എന്ന പരിപാടി സംഘടിപ്പിക്കുന്നു.
വരയ്ക്കൊപ്പം സംഗീതത്തെയും ഏറെ സ്നേഹിച്ചിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ പ്രിയ ഗാനങ്ങൾ കോര്‍ത്തിണക്കി ടിപി വിവേക്, ഉല്ലാസ് പൊന്നാടിക്കൊപ്പം അവതരിപ്പിക്കുന്ന ആര്ട്ട്ഫില് മെഹ്ഫില്‍ വിരുന്നിനൊപ്പം പ്രശസ്ത കാരിക്കേച്ചര്‍ കലാകാരന്മാരായ ഹസ്സന് കോട്ടെപറമ്പില്‍, ഷാനവാസ് മുടിക്കല്‍, ചന്ദ്രപ്രശാന്ത്, ബഷീര്‍ കീഴ്ശേരി, പ്രിന്‍സ് എന്നിവര്‍ ലൈവായി ഏവരുടെയും കാരിക്കേച്ചര്‍ സൗജന്യമായി വരച്ചു നല്‍കും എന്ന് പെറ്റല്സ്ഗ്ലോബ് ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന് അറിയിച്ചു.
സേവന ലൈബ്രറിയില്‍ ഇബ്രാഹിം ബാദുഷ രചിച്ച ചിത്രകലാ സംബന്ധിയായ പുസ്തകങ്ങളുടെ ഒരു ശേഖരം കാര്‍ട്ടൂണ്‍മാന്‍ ബാദുഷ കോര്‍ണര്‍ എന്ന പേരില്‍ സ്ഥാപിക്കുമെന്ന് ആര്ട്ട്ഫില് കോര്‍ഡിനേറ്റര്‍മാരും സേവന ലൈബ്രറി പ്രവർത്തകരായ ലൈബ്രറി പ്രവർത്തകരായ എഎ സഹദ്, നിത്യന് എന്നിവര്‍ പറഞ്ഞു. സേവന ലൈബ്രറി സെക്രട്ടറി ഒകെ ഷംസുദീൻ, ആസിഫ് അലി കോമു, ഷിയാസ് അല്‍ സാജ് എന്നിവര്‍ക്കൊപ്പം ബാദുഷയുടെ കുടുംബാംഗങ്ങളും കലാകാരന്മാരും കലാസ്നേഹികളും സജീവ സാന്നിധ്യമാകുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നൊച്ചിമ സേവന ലൈബ്രറി പ്രസിഡന്റ് പിസി ഉണ്ണി അറിയിച്ചു.
Post Your Comments