Latest NewsIndia

അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും മോഷ്ടിച്ചു: കൊലയാളികളെ കണ്ടു ഞെട്ടി പോലീസ്

കൃഷ്ണ ഈ വീട്ടിൽത്തന്നെയാണ് താമസിച്ചിരുന്നതെങ്കിലും വീടിന്റെ താക്കോലുകളൊന്നും കൈവശമുണ്ടായിരുന്നില്ല.

ചെന്നൈ: ദമ്പതികളെ കൊലപ്പെടുത്തി കിലോക്കണക്കിന് സ്വർണവും വെള്ളിയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. വ്യവസായിയായ ചെന്നൈ മൈലാപ്പുർ വൃന്ദാവൻ സ്ട്രീറ്റിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (58), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവർ നേപ്പാൾ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് പിടിയിലായത്. നേപ്പാളിലേക്ക് കടക്കുന്നതിനിടെ ആന്ധ്രയിലെ ഓങ്കോളിൽ നിന്നാണ് പ്രതികളെ നാടകീയമായി പോലീസ് പിടികൂടിയത്.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തോളമായി യുഎസ്സിലായിരുന്ന ദമ്പതികൾ, ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തിൽനിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട്, സഹായി രവിയുമായി ചേർന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഇസിആറിലെ ഫാം ഹൗസിൽ കുഴിച്ചിട്ടു. തുടർന്ന്, 8 കിലോ സ്വർണവും 50 കിലോ വെള്ളിയുമായി പ്രതികള്‍ കടന്നുകളഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് അഡീഷനൽ പോലീസ് കമ്മീഷണർ എൻ. കണ്ണൻ വ്യക്തമാക്കി.

പോലീസ് പറഞ്ഞത് ഇങ്ങനെ,

‘അമേരിക്കയിലേക്കു പോയതിനു ശേഷം രണ്ടു മാസം മുൻപ്, ശ്രീകാന്ത് കുറച്ചു ദിവസത്തേക്ക് ചെന്നൈയിൽ വന്നിരുന്നു. പിന്നീട്, യുഎസ്സിലേക്കു തന്നെ തിരിച്ചുപോയി. ഈ സമയത്ത് ശ്രീകാന്ത് ഫോണിലൂടെ 40 കോടി രൂപയുടെ ഒരു ഭൂമി ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നത് കൃഷ്ണ കേട്ടിരുന്നു. ഈ പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു കൃഷ്ണയുടെ സംശയം. കൃഷ്ണ ഈ വീട്ടിൽത്തന്നെയാണ് താമസിച്ചിരുന്നതെങ്കിലും വീടിന്റെ താക്കോലുകളൊന്നും കൈവശമുണ്ടായിരുന്നില്ല. അങ്ങനെയാണ് ദമ്പതികളുടെ തിരിച്ചുവരവിനായി കാത്തിരുന്ന് കൊലപാതകം നടത്തിയത്.

ഡാർജിലിങ്ങിൽനിന്നുള്ള രവി റായ് എന്ന സുഹൃത്താണ് ഇതിന് സഹായിച്ചത്. കൊല നടത്തിയ ശേഷം വീട്ടിൽ 40 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയിൽ ഇരുവരും ലോക്കർ പരിശോധിച്ചെങ്കിലും കിട്ടിയില്ല. എന്നാൽ, മറ്റൊരു ലോക്കറിൽനിന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും ലഭിച്ചു. ഇതുമായി, ഇരുവരും നാടുവിടുകയായിരുന്നു. ഇതിനിടെ, മാതാപിതാക്കളെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് യുഎസ്സിലുള്ള മകളുടെ നിർദ്ദേശപ്രകാരം, ഒരു ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്.

തുടർന്ന്, വിവരം പൊലീസിൽ അറിയിക്കുകയും പോലീസിന്റെ തീവ്ര അന്വേഷണത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പിന്നാലെ, കൃഷ്ണ സ്ഥലം വിട്ടെന്ന് മനസ്സിലാക്കി, ക‍ൃഷ്ണയുടെ ഫോൺ നമ്പർ പിന്തുടർന്നാണ് കൂട്ടുപ്രതിക്കൊപ്പം ഇയാളെ ആന്ധ്രയിൽനിന്ന് പിടികൂടിയത്.

കഴിഞ്ഞ ഏഴു വർഷമായി ശ്രീകാന്തിന്റെ വീട്ടിൽ ജോലി ചെയ്യുകയാണ് കൃഷ്ണ. കൃഷ്ണയുടെ മാതാപിതാക്കൾ ശ്രീകാന്തിന്റെ തന്നെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഫാംഹൗസിൽ 20 വർഷത്തോളം ജോലി ചെയ്തിരുന്നു. വിശ്വസ്തനായ ജോലിക്കാരനെന്ന് കരുതി, കൃഷ്ണയ്ക്ക് മൈലാപ്പുരിലെ വീട്ടിലും സ്വന്തമായി ഒരു മുറി ശ്രീകാന്തും കുടുംബവും നൽകിയിരുന്നു. മാത്രമല്ല, ഇവരുടെ അസാന്നിധ്യത്തിലും വീട്ടിലെ കാർ ഉപയോഗിക്കാനും അനുവദിച്ചിരുന്നു.’ എസിപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button