കിഴക്കൻ ഭാരതത്തിന്റെ അഭിമാനമായി അറിയപ്പെട്ടിരുന്ന പ്രാചീന സർവ്വകലാശാലയാണ് നളന്ദ. ഇന്നത്തെ ബീഹാറിൽ, തലസ്ഥാനമായ പാട്നയ്ക്ക് സമീപമായിരുന്നു ഈ സർവകലാശാല സ്ഥിതി ചെയ്തിരുന്നത്. ലോകത്തിലെ ആദ്യ സർവകലാശാലകളിൽ ഒന്നായിരുന്ന നളന്ദ, താമസിച്ചു പഠിക്കാനുള്ള സൗകര്യം ചെയ്തിരുന്ന ആദ്യ സർവകലാശാല കൂടിയായിരുന്നു. പുരാതന നഗരമായ രാജഗൃഹത്തിലാണ് അക്കാലത്ത് ലോകപ്രശസ്തമായ ഈ സർവ്വകലാശാല സ്ഥിതി ചെയ്തിരുന്നത്. 10,000 വിദ്യാർത്ഥികളും 2,000 അധ്യാപകരും ഇവിടെ വസിച്ചിരുന്നു എന്നാണ് കണക്ക്. നേപ്പാൾ, കൊറിയ എന്നിവിടങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഇവിടെ പഠിക്കാൻ എത്തിയിരുന്നു.
രാജഗൃഹ അഥവാ, ആധുനിക ഭാരതത്തിലെ രാജ്ഗീർ, പുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹിന്ദുപുരാണങ്ങളിൽ പരാമർശിക്കുന്ന പേരുകേട്ട അസുരചക്രവർത്തിയായ ജരാസന്ധന്റെ രാജധാനി ആയിരുന്നു രാജഗൃഹ. മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. സർവ്വകലാശാലയിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് തലസ്ഥാനമായ പാറ്റ്ന നഗരം സ്ഥിതി ചെയ്യുന്നത്.
ഗുപ്ത കാലഘട്ടത്തിലാണ് ഈ മഹാ സർവകലാശാല നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ഏതാണ്ട് അഞ്ചാം നൂറ്റാണ്ടോടു കൂടി പ്രശസ്ത ഗുപ്ത് രാജാവായ കുമാരഗുപ്തനാൽ സ്ഥാപിക്കപ്പെട്ട സർവകലാശാല പിന്നീടുള്ള ഭരണാധികാരികൾ വികസിപ്പിച്ചെടുത്തു. വ്യാകരണം, വൈദ്യശാസ്ത്രം തത്വചിന്ത, ഗണിതശാസ്ത്രം എന്നിവയായിരുന്നു പ്രധാനമായും നളന്ദ സർവകലാശാലയിൽ പഠിപ്പിച്ചിരുന്നത്. പ്രസിദ്ധസഞ്ചാരിയായ ഹുയാൻ സാങ്ങ് ചൈനയിൽ എത്തിച്ച 657 സംസ്കൃത ഗ്രന്ഥങ്ങൾ അദ്ദേഹം നളന്ദ സർവകലാശാലയിൽ നിന്നും പകർത്തി കൊണ്ടുവന്നതാണ്.സി. ഇ 630-643 വർഷങ്ങൾക്കിടയിൽ ആയിരുന്നു അദ്ദേഹത്തിന്റെ നളന്ദ സന്ദർശനം. പതിമൂന്നാം നൂറ്റാണ്ടിൽ, ഖുരിദ് സുൽത്താനായ മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി നളന്ദ സർവ്വകലാശാല നശിപ്പിച്ചു. അഞ്ചാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ ലോകത്തിന്റെ ജ്ഞാനകേന്ദ്രമായിരുന്ന ആ മഹാപ്രസ്ഥാനം അങ്ങനെ ഏറെക്കുറെ നാമാവശേഷമായി.
അനവധി നൂറ്റാണ്ടുകൾക്കു ശേഷം ഭാരതം സ്വതന്ത്രമായപ്പോൾ മുതൽ നളന്ദ സർവ്വകലാശാല പുനർസൃഷ്ടിക്കുകയെന്ന ആശയം നിരവധി പേരുടെ മനസ്സിലുണ്ടായിരുന്നു. എന്നാൽ, ആശയത്തിന് ജീവൻ നൽകിയത് ഇന്ത്യയുടെ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമാണ്.
2006 മാർച്ചിൽ, ബിഹാർ നിയമസഭയ്ക്കു മുൻപിൽ അദ്ദേഹം ഈ ആശയം അവതരിപ്പിച്ചു. താമസംവിനാ, സ്വീകരിക്കപ്പെട്ട ആ പദ്ധതിക്ക് പിന്തുണ നൽകി നിരവധി ഏഷ്യൻ രാജ്യങ്ങളും മുന്നോട്ടുവന്നു. ലോകത്തിന്റെ ശ്രദ്ധ ഏഷ്യയിലേക്ക് കേന്ദ്രീകരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമായാണ് മറ്റു രാജ്യങ്ങൾ ഇതിനെ കണ്ടത്. അങ്ങനെ, 450 ഏക്കർ വിസ്തൃതിയിൽ, ആ മഹാവിദ്യാലയം പുനർസൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വെളിച്ചം കണ്ടു. ദീർഘകാലത്തെ പരിശ്രമത്തിനൊടുവിൽ, 2014 സെപ്റ്റംബർ മാസത്തിൽ, എണ്ണൂറ് വർഷങ്ങൾക്ക് ശേഷം നളന്ദ സർവ്വകലാശാല ആദ്യബാച്ച് വിദ്യാർഥികൾക്കായി വാതിലുകൾ തുറന്നു.
Post Your Comments