ഭൂമിയിലെ ഏറ്റവും ഈർപ്പമുള്ള സ്ഥലമായിരുന്ന മേഘാലയയിലെ ചിറാപുഞ്ചി സഞ്ചാരികളുടെ പ്രിയ ഇടമാണ്. ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജിന് പേരുകേട്ടതാണ് ചിറാപുഞ്ചി. ഷില്ലോങ്ങിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറുപട്ടണം സമ്പന്നമായ സസ്യജാലങ്ങൾക്കും പ്രകൃതി ആകർഷണങ്ങൾക്കും പേരുകേട്ടതാണ്. ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലമെന്ന റെക്കോഡ് ചിറാപുഞ്ചിയുടെ പേരിലാണ്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മാവ്‌ലിൻഗ്‌നോങ് ഇവിടുത്തെ മറ്റൊരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഈ ഗ്രാമത്തിന്റെ ഭക്ഷണവും സംസ്കാരവും തൊട്ടറിയാൻ സാധിക്കും.
മൂടൽമഞ്ഞ് നിറഞ്ഞ താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ചിറാപുഞ്ചി ഇഷ്ടമാകാതിരിക്കില്ല. ചിറാപുഞ്ചിയിലെ റോഡിലൂടെ എത്ര നേരം വേണമെങ്കിലും സഞ്ചരിക്കാം. മടുപ്പ് അനുഭവപ്പെടില്ല. താഴ്‌വരയുടെ അതിമനോഹരമായ ദൃശ്യങ്ങളും പ്രശസ്തമായ നൊഹ്‌കാലികൈ വെള്ളച്ചാട്ടം പോലുള്ള വെള്ളച്ചാട്ടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യഭംഗിയോടെ നമുക്ക് മുന്നിൽ നിറഞ്ഞ് നിൽക്കും. ശൈത്യകാലത്ത് സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ ചിറാപുഞ്ചിയുടെ ഭംഗി ആസ്വദിക്കുക എന്നതിൽ കവിഞ്ഞ് മറ്റെന്താണ് ഒരു സഞ്ചാരിക്ക് വേണ്ടത്?
Also Read:നിങ്ങൾ ഒരു വൃക്ക രോഗിയാണെങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങൾ കഴിക്കുക
ഒരേസമയം 50 പേരെ താങ്ങുന്ന മരപ്പാലങ്ങൾ ചിറാപുഞ്ചിയുടെ മാത്രം പ്രത്യേകതയാണ്. പൊതുവെ ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ് ചിറാപുഞ്ചി. നോൺഗ്രിയാറ്റ് ഗ്രാമത്തിലെ ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് പാലത്തിലേക്കുള്ള പാതയാണ് ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് റൂട്ട്. നിങ്ങളുടെ ട്രെക്കുകൾക്ക് ഒരു ഗൈഡിനെ നിയമിക്കുന്നത് നല്ലതാണ്. നോങ്തിമ്മായി മുതൽ മൈന്റങ് സ്റ്റീൽ റോപ്പ് ബ്രിഡ്ജ് വരെയുള്ള നദി മലയിടുക്ക്, റോക്ക് ക്ലൈംബിംഗ്, ക്യാമ്പിംഗ് എന്നിവയും ചിറാപുഞ്ചിയിൽ നമുക്ക് ആസ്വദിക്കാം.
മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള കോട്ടേജുകൾ മുതൽ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ വരെ ഇവിടെ ഉണ്ട്. പന്നിയിറച്ചി ചോറ് ഒരു ഖാസി സ്പെഷ്യാലിറ്റിയാണ്, അത് ചിറാപുഞ്ചിയിൽ വന്നാൽ നിർബന്ധമായും കഴിക്കണം. പന്നിയിറച്ചിയും മറ്റ് ചുവന്ന മാംസവും വിൽക്കുന്ന ഭക്ഷണശാലകൾ നഗരത്തിൽ ധാരാളം ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങളില്ലാതെ എണ്ണയും പച്ചക്കറികളും ചേർത്ത് പാകം ചെയ്ത അരിയാണ് സോഹ്‌റ പുലാവ്. ചിറാപുഞ്ചി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ജനുവരി മുതൽ മെയ് വരെയും, സെപ്തംബർ മുതൽ ഡിസംബർ വരെയുമാണ്.
Post Your Comments