വയനാട്: കേന്ദ്ര സര്‍ക്കാരിന്റെ അഭിലാഷ യുക്ത ജില്ല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും വയനാടിനായി അധികൃതർ കൂടുതലായി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട് സന്ദര്‍ശനത്തിനിടെ ജില്ലാ ഭരണകൂടത്തിന്റെ യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ തനിക്ക് ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു.
ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് കുടിവെള്ളം ലഭിക്കാത്തതും ആദിവാസികള്‍ക്കിടയില്‍ പൊതുവായുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കാത്തതും ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യാത്തതും നൈപുണ്യ വികസന മേഖലയിലെ കുറവുകളും അവര്‍ ചൂണ്ടിക്കാട്ടി. വയനാട്ടിലെ അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. പതിനായിരത്തോളം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാന്‍ നടപടി ഉണ്ടാവുമെന്നും അവര്‍ പറഞ്ഞു.
പൗരന്മാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭ്യമാക്കാനുള്ള മത്സരാധിഷ്ഠിത സംവിധാനങ്ങള്‍ ഇല്ല. വയനാട്ടിലും യുപിയിലെ ഫത്തേപൂരിലുമായി രണ്ട് അഭിലാഷയുക്ത ജില്ലകള്‍ ഞാന്‍ സന്ദര്‍ശിച്ചു. പദ്ധതി നടത്തിപ്പില്‍ 111ാം സ്ഥാനത്തായിരുന്ന ഫത്തേപൂര്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ, എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അവര്‍ ഉത്തരം നല്‍കി. ഞാന്‍ രാഹുല്‍ ഗാന്ധിയല്ല. അമേത്തിയില്‍ നിന്നും ഒളിച്ചോടില്ലെന്നും അവര്‍ പറഞ്ഞു.
കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വരദൂർ സ്മാർട്ട് അങ്കണവാടി എന്നിവയും മന്ത്രി സന്ദർശിച്ചു. ഇവിടുത്തെ കുട്ടികൾക്കൊപ്പവും സമയം ചെലവഴിച്ചു. പൊന്നാടയിലെ അങ്കണവാടിയിലെ കുട്ടികൾക്കൊപ്പമാണ് മന്ത്രി ഏറെ നേരം ചിലവിട്ടത്. കുട്ടികൾ മന്ത്രിക്ക് മുൻപാകെ പാട്ടുകൾ പാടുകയും കഥകൾ പറയുകയും ചെയ്തത് മറ്റുള്ളവരിലും കൗതുകം സമ്മാനിച്ചു.
മന്ത്രിയുടെ കുട്ടികൾക്കൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൽപ്പറ്റയിലെ ഫോട്ടോഗ്രാഫർ ഷാജി പോളിന്റെ കയ്യിൽ നിന്നും ക്യാമറ വാങ്ങി ഫോട്ടോഗ്രാഫിയിൽ ഒരു കൈ നോക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ രാഹുലിനേയും കേന്ദ്രമന്ത്രിയേയും താരതമ്യം ചെയ്ത് നിരവധി പേർ എത്തിയിട്ടുണ്ട്. ‘വയനാട്ടിലും സ്വസ്ഥത തരില്ലേ ഇനി നേപ്പാളിൽ തന്നെ കഴിയേണ്ടി വരുമോ??’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.
Post Your Comments