കൊച്ചി: കെഎസ്ആർടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ, ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലും ബസുകൾ തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഇത്തരം കാര്യങ്ങളിൽ കാര്യക്ഷമമായ സമീപനം സ്വീകരിക്കാൻ കെഎസ്ആർടിസി തയ്യാറാകണമെന്ന് പറഞ്ഞ കോടതി, ബസുകൾ തുരുമ്പെടുത്ത് പാഴാകുന്ന സംഭവത്തിൽ ഫലപ്രദമായ തീരുമാനങ്ങളെടുക്കാൻ തയ്യാറാവാത്തതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
വിഷയത്തിൽ കെഎസ്ആർടിസിയുടെ വിശദീകരണം തേടിയ കോടതി ഹർജി ഈ മാസം ആറിന് പരിഗണിക്കുന്നതിലേക്കായി മാറ്റിവെച്ചു. തുരുമ്പെടുത്ത് നശിക്കുന്ന ബസുകളുടെ എണ്ണം, ഇവ ആകെ ഓടിയ ദൂരം, ഇവയുടെ പഴക്കം, ബസുകൾ നശിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി, ഇവ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് കോടതി കെഎസ്ആർടിസിയോട് വിശദീകരണം തേടിയത്.
2800 ബസ് തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ പൊതുതാൽപര്യഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലും, ബസുകൾ തുരുമ്പെടുത്തു നശിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകളും ചിത്രങ്ങളും വന്നിരുന്നു.
ഇത് സഹിതമാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. കോവിഡിന് മുൻപ് പ്രതിദിനം 5500 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 3000-3200 മാത്രമാണുള്ളത്. ഇത്തരത്തിൽ ബസുകൾ നശിപ്പിക്കുന്നത്, കെ റെയിലിനെയും കെഎസ്ആർടിസി സ്വിഫ്‌റ്റിനെയും പ്രോത്സാഹിപ്പിക്കാനാണെന്നും ഹർജിയിൽ പറയുന്നു.
Post Your Comments