പട്ടാമ്പി: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധത്തിന് പ്രതികള്‍ ഉപയോഗിച്ച ബൈക്കുകള്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കരയിലെ പൊളി മാര്‍ക്കറ്റില്‍ വെച്ച് പൊളിച്ചതായി സൂചന. ഇത് സംബന്ധിച്ച്, പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പൊളി മാര്‍ക്കറ്റില്‍ പരിശോധന നടത്തി. ബൈക്കുകളുടെ വിവിധ ഭാഗങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ഏപ്രില്‍ 16ന് മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയില്‍ പങ്കാളികളായ പത്ത് പേരുമാണ് ഇതിനോടകം അറസ്റ്റിലായത്. കൊലയാളികളിൽ ഒരാളുടെ മൊബൈൽ ഫോൺ ശംഖുവാരത്തോട് പള്ളിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളുടെ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു.
സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ മോർച്ചറിക്ക് സമീപത്തെ കബർസ്ഥാനിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. കൊലപാതക ഗൂഢാലോചന നടന്നത്, ജില്ലാശുപത്രിയുടെ പിൻവശത്ത് വെച്ചായിരുന്നു. മോർച്ചറിക്ക് പിന്നിലെ ഖബർസ്ഥാൻ റോഡിൽ 15 ന് രാത്രി ഒത്തുചേർന്ന പ്രതികൾ സുബൈർ വധത്തിന്റെ പ്രതികാരം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു, എന്നാണ് പ്രതികളുടെ മൊഴി.
Post Your Comments