സോപോർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്കർ-ഇ-ത്വയിബ ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തര കശ്മീരിലെ സോപോർ മേഖലയിൽ വെച്ച് തിങ്കളാഴ്ചയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കശ്മീരിൽ ഈയടുത്തു നടന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൊലപാതകങ്ങളും, വിവിധ സ്ഥലങ്ങളിൽ നടന്ന ഗ്രനേഡ് ആക്രമണവും പോലീസ് കാര്യമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പലരിലായി നടത്തിയ അന്വേഷണത്തിൽ നിന്നും ലഷ്കർ-ഇ-ത്വയിബ ഭീകരരാണ് ഇതിന് പിന്നിലെന്നാണ് പോലീസിന് മനസ്സിലാക്കാൻ കഴിഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഈ ഭീകരരെ പിടികൂടിയത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പത്രക്കുറിപ്പിൽ പറയുന്നു. ഇവരിൽ നിന്ന് ചൈനീസ് നിർമ്മിതമായ മൂന്നു തോക്കുകളും വെടിയുണ്ടകളും മാഗസിനുകളും പിടിച്ചെടുത്തു. കശ്മീരിൽ പോലീസ് ഭീകരവേട്ട കർശനമാക്കുകയാണ്. ഗണ്ടേർബാലിൽ, ഒരു സ്കോർപിയോയിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുക്കുകയും ഒരു ഭീകരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments