Latest NewsKeralaIndia

പീഡന കേസിൽ കുടുങ്ങിയ വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുത്തേക്കും, നാളെ അമ്മയിലേക്ക് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്

പൊതു സമൂഹത്തിൽ താര സംഘടനയായ ‘അമ്മ’യുടെ പേര് മോശമാക്കാൻ പ്രസിഡന്റ് മോഹൻലാൽ ആഗ്രഹിക്കുന്നില്ല. മമ്മൂട്ടിയും ഇതേ നിലപാടിലാണ്.

കൊച്ചി: പീഡന കേസിൽ കുടുങ്ങിയ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അമ്മ നടപടി എടുത്തേക്കും. താര സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയാണ് താരം. നാളെ കൊച്ചിയിൽ താരസംഘടനയുടെ ഒത്തുചേരൽ നടക്കുകയാണ്. ഇതിനു ശേഷമാകും അന്തിമ തീരുമാനം. പല പ്രത്യേകതകളും നിറഞ്ഞ ഒത്തുചേരലാണ് നാളെ നടക്കാൻ പോകുന്നത്. ഒരു പതിറ്റാണ്ടോളം സംഘടനാ പ്രവർത്തങ്ങളിൽ നിന്നും മാറി നിന്ന സുരേഷ് ഗോപി നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ‘ഉണർവ്വ്’ എന്ന പരിപാടിയുടെ മുഖ്യാതിഥി സുരേഷ് ഗോപിയാണ്.

പീഡനക്കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രൈഡേ ഫിലിംസ് എന്ന നിർമ്മാണ കമ്പനി നടത്തുന്ന നടൻ കൂടിയായ വിജയ് ബാബുവിനേയും സസ്‌പെൻഡ് ചെയ്യുന്നത്. പൊതു സമൂഹത്തിൽ താര സംഘടനയായ ‘അമ്മ’യുടെ പേര് മോശമാക്കാൻ പ്രസിഡന്റ് മോഹൻലാൽ ആഗ്രഹിക്കുന്നില്ല. മമ്മൂട്ടിയും ഇതേ നിലപാടിലാണ്. ഈ സാഹചര്യത്തിൽ, വിജയ് ബാബുവിനെ മാറ്റുന്നതാണ് നല്ലതെന്ന അഭിപ്രായത്തിനാണ് താര സംഘടനയിൽ മുൻഗണന. ഇതു കൊണ്ടാണ്, വിജയ് ബാബുവിന് എതിരെ നടപടി എടുക്കുന്നത്.

അമ്മയിലെ ലൈഫ് മെമ്പർഷിപ്പിൽ ആദ്യ പേരുകാരൻ സുരേഷ് ഗോപിയാണ്. രണ്ടാമൻ കെബി ഗണേശ് കുമാറും. മൂന്നാമത് മണിയൻ പിള്ള രാജുവും. അമ്മയിലെ വാശിയേറിയ തെരഞ്ഞെടുപ്പിൽ മണിയൻ പിള്ള രാജു അട്ടിമറി വിജയം നേടിയത് ഈ പ്രചരണ കരുത്തിലാണ്. അമ്മയുടെ ഭാരവാഹിയായി മണിയൻ പിള്ള രാജു ജയിച്ചെത്തിയതിന് പിന്നാലെ സുരേഷ് ഗോപി മടങ്ങി എത്തുകയാണ്. ഏറെ നാളായി അമ്മയുടെ പരിപാടിക്കൊന്നും ഇദ്ദേഹം എത്താറില്ലായിരുന്നു. പലരും സുരേഷ് ഗോപി അമ്മയിൽ അംഗമല്ലേ എന്നു പോലും സംശയിച്ചിരുന്നു.

ഇതിനിടെയാണ്, സുരേഷ് ഗോപിയാണ് ആദ്യ ലൈഫ് മെമ്പറെന്ന് മണിയൻ പിള്ള വെളിപ്പെടുത്തിയത്. ഇത് അമ്മയിലെ തെരഞ്ഞെടുപ്പിൽ പോലും ചലനമായി. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് മണിയൻപിള്ള കരുത്ത് കാട്ടി. അതിന് ശേഷം മാറ്റത്തിന്റെ പാതയിലായി അമ്മയുടെ യാത്ര. അമ്മ അംഗങ്ങളുടെ ഒത്തുചേരലും ആരോഗ്യ പരിശോധനാ ക്യാമ്പുമാണ് ഉണർവ്വ് എന്ന പദ്ധതി. ഇതിൽ മുഖ്യാതിഥി സുരേഷ് ഗോപിയാണ്. അങ്ങനെ അമ്മയുടെ ആസ്ഥാനത്തേക്ക് വീണ്ടും സുരേഷ് ഗോപി കാലെടുത്തു വയ്ക്കുകയാണ്.

മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമാണ് മലയാള സിനിമയിലെ യഥാർത്ഥ സൂപ്പർ താരങ്ങൾ. മോഹൻലാലാണ് അമ്മയുടെ പ്രസിഡന്റ്. മമ്മൂട്ടിയും എല്ലാ പരിപാടിയുമായി സഹകരിക്കാറുണ്ട്. ഇതിനൊപ്പം സുരേഷ് ഗോപിയും കൂടെയെത്തുമ്പോൾ മലയാള സിനിമയിലെ സൂപ്പർ താര സംഗമ വേദിയായി ഈ പരിപാടി മാറും. ദുബായിലുള്ള മമ്മൂട്ടി നാളെ കൊച്ചിയിൽ എത്തുമെന്നാണ് സൂചന. അമ്മയിലെ പഴയൊരു നടപടിയാണ് സുരേഷ് ഗോപിയെ താര സംഘടനയിൽ നിന്ന് പുറത്തു നിർത്താനുള്ള കാരണം. സുരേഷ് ഗോപി മടങ്ങിയെത്തുമ്പോൾ ഒരു പ്രമുഖനെ സസ്‌പെൻഡ് ചെയ്യേണ്ടിയും വരുന്നുവെന്നാണ് യാദൃശ്ചികം.

വിജയ് ബാബുവിനെതിരെ പീഡന കേസ് ചർച്ചയാകുമ്പോൾ ‘അമ്മ’യിലെ ഇലക്ഷൻ കാലത്തെ ‘ചതി’യും ചർച്ചകളിലേക്ക് വന്നിരുന്നു. മോഹൻലാലിന്റെ പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിച്ച മോഹൻലാലിനെ എല്ലാ അർത്ഥത്തിലും കബളിപ്പിക്കുകയായിരുന്നു അന്ന് വിജയ് ബാബു ചെയ്തത്. വിജയ് ബാബുവിൽ നിന്നൊരു ചതി മോഹൻലാൽ പ്രതീക്ഷിച്ചില്ലെന്നതാണ് വസ്തുത.

അങ്ങനെ, ചതിയിലൂടെ അമ്മയിൽ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവാണ് ഇപ്പോൾ പീഡന കേസിൽ കുടുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. വിജയ് ബാബുവിനെതിരേയും സമാന നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button