
കൊച്ചി: കെ റെയില്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സില്‍വര്‍ലൈന്‍ സംവാദം അപഹാസ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ്. സംവാദമെന്ന പേരില്‍ തത്പരകക്ഷികളെ മാത്രം വിളിച്ചു നടത്തുന്നതാണ് ഈ പരിപാടി. അടച്ചിട്ട മുറിയില്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ ഒരു ഗുണവും ചെയ്യില്ല. പൊതു സമൂഹത്തിന്റെ ആശങ്കകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മറുപടി നല്‍കാതെ പിന്‍വാതില്‍ വഴി നടത്തുന്ന ചര്‍ച്ചകളാണ് ഇതെന്നും അത് ഗൂഢോദ്ദേശത്തോടെയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആരോപിച്ചു.
‘വിഷയത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ ശേഷിയുള്ളവരെ ഒഴിവാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ ഭയം ജനങ്ങളില്‍ സംശയം ഉളവാക്കുന്നു. പൊലീസിന് പുറമെ, ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളും ഇരകളെ ആക്രമിക്കാന്‍ വരികയാണ്. ഇത് അപലപനീയമാണ്. കല്ലിടീലുമായി ബന്ധപ്പെട്ട യഥാർത്ഥ സാമ്പത്തിക ചെലവുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.’ കെ റെയില്‍ നടപടികള്‍ നിര്‍ത്തണം. ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കണമെന്നും ഗ്ലോബല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് തല്ലുകിട്ടുന്ന പരിപാടിയാണെന്ന് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് ഫാസിസ്റ്റ് ശൈലിയാണ്. ഭീഷണിപ്പെടുത്തി കാര്യം നേടാമെന്നത്, വ്യാമോഹമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് അറിയിച്ചു. ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ് കെ റെയിലിനെ അനുകൂലിക്കുന്നത്. മൂലമ്പിള്ളിയിലെ പോലെ കേരളത്തിലുടനീളം കുടിയിറക്കപ്പെട്ട് അനാഥമാകുന്ന അവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടത്.
കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നടാലില്‍ ഉണ്ടായ സംഭവം സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. തല്ല് ഒന്നിനും പരിഹാരമല്ല. കല്ല് പിഴുതെറിയാന്‍ കോണ്‍ഗ്രസും ബിജെപിയും ഇറങ്ങുമ്പോള്‍ ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടാവുമെന്നും തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്നത്.
Post Your Comments