മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. 188 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാനെ കഴിഞ്ഞൊള്ളൂ. ആവേശം നിറഞ്ഞ അവസാന ഓവറിൽ 27 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ധോണിയും ജഡേജയുമായിരുന്നു ക്രീസില്‍.
റിഷി ധവാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ട ധോണി സിക്സിന് പറത്തി ചെന്നൈക്ക് വിജയ പ്രതീക്ഷകൾ നൽകി. രണ്ടാം പന്ത് വൈഡായി. അടുത്ത പന്തില്‍ ധോണിക്ക് റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ സിക്സിനുള്ള ധോണിയുടെ ശ്രമം ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിയതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചു.
അഞ്ചാം പന്തില്‍ സിക്സടിച്ച് ജഡേജ ചെന്നൈയുടെ തോല്‍വി ഭാരം കുറച്ചു. 39 പന്തില്‍ 78 റണ്‍സടിച്ച അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ മികവിൽ മികച്ച സ്കോര്‍ നേടി. 59 പന്തില്‍ 88 റണ്‍സെടുത്ത ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഭാനുക രജപക്സെ(42)യും പഞ്ചാബിനായി തിളങ്ങി.
Read Also:- കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും
ജയത്തോടെ എട്ടു കളികളില്‍ എട്ട് പോയിന്‍റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നാലു പോയിന്‍റുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍:- പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 187-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 176-6.
Post Your Comments