വാഷിങ്ടൺ: സോഷ്യൽമീഡിയ ഭീമനായ ട്വിറ്റർ ഏറ്റെടുത്ത ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന്റെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് ഭരണകൂടം. ഔദ്യോഗിക വക്താവ് ജെൻ സാകിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഈയവസരത്തിൽ, ചില കാര്യങ്ങളിലുള്ള യു.എസിന്റെ ആശങ്കകളാണ് പ്രകടമാകുന്നത്. അമേരിക്കയിലെ ചെറുതും വലുതായ തിരഞ്ഞെടുപ്പുകളിൽ ട്വിറ്റർ ,ഫേസ്ബുക്ക് മുതലായ സോഷ്യൽ മീഡിയകളെല്ലാം അതിശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. എല്ലാ പാർട്ടികളും നേതാക്കന്മാരും കക്ഷിഭേദമില്ലാതെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ശത്രുക്കളെ തേജോവധം ചെയ്യാനും ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാറുമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടന്ന ട്രംപ്-ബൈഡൻ പോരാട്ടത്തിലും ട്വിറ്റർ നിർണ്ണായക പങ്കു വഹിച്ചിരുന്നു. അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിക്കുക വരെ ഉണ്ടായി.
ലോകത്തിലെ ഏറ്റവും ധനികനായ പ്രബല വ്യക്തിയാണ് ഇലോൺ മസ്ക്. ഇപ്പോൾ അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും ശക്തമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ട്വിറ്ററിന് മേൽ സമ്പൂർണ്ണാധികാരം ലഭിച്ചിരിക്കുന്നു. ഇവിടന്നങ്ങോട്ട്, ഇലോൺ മസ്കിന്റെ രാഷ്ട്രീയ ചായ്വ് പോലെയിരിക്കും ട്വിറ്ററിന്റെ എഡിറ്റോറിയൽ പോളിസി എന്നതാണ് അമേരിക്കയെ അസ്വസ്ഥമാക്കുന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ട്വിറ്റർ, ഭരണകൂടത്തിന്റെ പ്രതിച്ഛായ ശക്തമായി സ്വാധീനിക്കാൻ കഴിവുള്ള ഒന്നാണ്. ഭരണകൂടത്തിനെതിരെ പ്രയോഗിക്കാൻ ശക്തമായ ഒരു ആയുധമാണ് മസ്കിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്നതുതന്നെയാണ് അമേരിക്കയെ അസ്വസ്ഥമാക്കുന്നതും.
Post Your Comments