Latest NewsIndiaNews

‘സ്ത്രീകൾ കുട്ടികളെ പ്രസവിക്കുന്ന കളിപ്പാട്ടമല്ല, അടുക്കള യന്ത്രവുമല്ല’:ഖുർആൻ വായിച്ച് ഇസ്ലാമായ ശബരിമലയുടെ ജീവിതമിങ്ങനെ

ചെന്നൈ: ‘മുസ്ലീമായിരിക്കുന്നത് വലിയൊരു ആദരവും ബഹുമതിയുമാണ്. എന്തുകൊണ്ടാണ്, ലോകത്തെങ്ങും മുസ്ലീങ്ങളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. അതറിയാൻ ഞാൻ ഖുർആൻ വായിച്ചു തുടങ്ങി. അങ്ങനെയാണ് ആ സത്യം മനസിലാക്കിയത്. ഇപ്പോൾ എന്നെക്കാളും ഞാൻ ഇസ്ലാമിനെ സ്‌നേഹിക്കുന്നു. ഖുർആൻ വിസ്മയകരമായൊരു ഗ്രന്ഥമാണ്. അതെന്തിനാണ് വീട്ടിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്? ലോകമത് വായിക്കണം’, ഹിന്ദു മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് ചേർന്ന തമിഴ് മോട്ടിവേഷണൽ സ്പീക്കറും അധ്യാപികയുമായ ശബരിമല ജയകാന്തന്റെ വാക്കുകളാണിത്.

താൻ ഇസ്ലാം മതം സ്വീകരിച്ചെന്നും ഇനിമുതൽ ഫാത്തിമ ശബരിമല എന്നാണ് തന്റെ പേരെന്നും അധ്യാപിക തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടെ, ഫാത്തിമ ആയ ശബരിമലയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തുള്ളത്. മതപരമായ മാറ്റം ഉൾക്കൊള്ളുന്ന താങ്കളുടെ പ്രസംഗങ്ങളിൽ ഇനി നിഷ്പക്ഷമായ നിലപാട് ഉണ്ടാകില്ലല്ലോ എന്ന ആശങ്കയാണ് ചിലർ ഉന്നയിക്കുന്നത്. എന്നാൽ, മതപരമായ രീതിയിൽ മോട്ടിവേഷണൽ പ്രസംഗങ്ങൾ ശബരിമല നടത്തിയിട്ടില്ലെന്നും, സ്ത്രീകളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും വേണ്ടിയാണ് അവർ കൂടുതലും നിലകൊള്ളുന്നതെന്നും ഇവരുടെ ആരാധകർ പറയുന്നു.

ഫാത്തിമ ശബരിമലയുടെ ജീവിതമിങ്ങനെ:

1982 ഡിസംബർ 26ന് മധുരയിൽ അഴഗർസാമിയുടെയും കലൈയരശിയുടെയും മകളായാണ് ശബരിമല ജനിച്ചത്. പഠനത്തിന് ശേഷം ജയകാന്തനെ വിവാഹം കഴിച്ചു. ജയകാന്തനുമായുള്ള ബന്ധത്തിൽ ജയചോളൻ എന്നൊരു മകനുണ്ട്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ആണ് ശബരിമല തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നാലെ, 2002ൽ കടലൂർ ജില്ലയിലെ കാട്ടുമണ്ണാർഗുഡിക്കടുത്തുള്ള എളേരി സ്‌കൂളിൽ അധ്യാപികയായി ചേർന്നു. എന്നാൽ, ജോലിയേക്കാൾ വലുത് രാഷ്ട്രമാണെന്ന് പറഞ്ഞ് ശബരിമല, ജോലി വേണ്ടെന്ന് വെച്ച് സാമൂഹിക സേവനത്തിനായി ഇറങ്ങിത്തിരിച്ചു.

Also Read:കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിസ്‌കാരവും, ബാങ്ക് വിളിയും: വിവാദം

ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്ത്യയൊട്ടാകെ ഒരേ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണമെന്നായിരുന്നു ശബരിമല വാദിച്ചിരുന്നത്. നീറ്റ് പരീക്ഷയുടെ ആവശ്യമില്ലെന്നും അവർ വാദിച്ചു. ‘ഇന്ത്യയിൽ ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാത്തപ്പോൾ, നീറ്റ് എങ്ങനെ എല്ലാവർക്കും തുല്യമാകും?’ എന്നായിരുന്നു ശബരിമലയുടെ ചോദ്യം. നീറ്റ് പരീക്ഷയ്‌ക്കെതിരെ അവർ നിരാഹാര സമരം നടത്തി, ഇന്ത്യയിൽ ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നത് വരെ നീറ്റ് പരീക്ഷ നിർത്തലാക്കണമെന്ന് ശഠിച്ചു.

2002 മുതൽ സാമൂഹിക സേവനത്തിനായി പല മേഖലകളിലും ശബരിമല പ്രവർത്തിച്ചിട്ടുണ്ട്. പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനും സമത്വത്തിനും അവരുടെ അവകാശ സംരക്ഷണത്തിനുമായി നിരന്തരം പോരാടിയ വ്യക്തിയാണ് ശബരിമല. 2017ൽ, അവർ ‘വിഷൻ 2040’ എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചു. പെൺകുട്ടികളുടെ സംരക്ഷണവും ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരികയുമായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.

Also Read:കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ

സമൂഹത്തിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ പോരാടുകയാണ് ശബരിമല. പെൺകുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി അവർ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ ആറ് ലക്ഷത്തോളം പെൺകുട്ടികളെ കണ്ടു. പെൺകുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി, 5000 സ്കൂൾ പെൺകുട്ടികൾക്ക് വിതരണം ചെയ്തു. കോയമ്പത്തൂരിൽ ലൈംഗികാതിക്രമക്കേസിൽ മരിച്ച റിഥന്യശ്രീ എന്ന പെൺകുട്ടിയുടെ കുടുംബത്തിന് അവർ ഒരു ലക്ഷം രൂപ അനുവദിച്ചു.

മോട്ടിവേഷണൽ സ്പീക്കർ ആയതെങ്ങനെ?

‘വിഷൻ 2040’ എന്ന സംഘടനയ്ക്ക് രൂപം കൊടുത്ത ശേഷമായിരുന്നു ശബരിമല, മോട്ടിവേഷണൽ സ്പീക്കർ ആയത്. രണ്ടായിരത്തിലധികം വേദികളിൽ കയറി അവർ പ്രസംഗിച്ചിട്ടുണ്ട്. 200-ലധികം പ്ലാറ്റ്‌ഫോമുകളിൽ പാനൽ സ്പീക്കറായ അവർ വണ്ടർ ടിവി, ന്യൂസ് 7 ടിവി, ജയ ടിവി തുടങ്ങിയ നിരവധി ടി.വി പ്രോഗ്രാമുകൾ മോഡറേറ്റ് ചെയ്തിട്ടുണ്ട്. താൻ പ്രസംഗിക്കുന്നത് പണത്തിന് വേണ്ടിയല്ലെന്നും, സാമൂഹിക മാറ്റത്തിന് വേണ്ടിയാണെന്നുമായിരുന്നു ശബരിമല പറഞ്ഞത്.

Also Read:ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : യുവതിക്ക് ദാരുണാന്ത്യം

സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ പൊതു പ്രഭാഷകരാക്കി മാറ്റുക എന്നതാണ് ഫാത്തിമ ആയ ശബരിമലയുടെ ഇപ്പോഴത്തെ ദൗത്യം. ആയിരക്കണക്കിന് വിദ്യാർത്ഥികളെ അവർ സ്റ്റേജ് പ്രസംഗങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ സ്റ്റേജിൽ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ഇതിനായി, വർക്ക്ഷോപ്പുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ‘വീട്ടിലേക്ക് ഒരു മടങ്ങിപ്പോക്കില്ല’ എന്ന മുദ്രാവാക്യവുമായി ശബരിമല പ്രചാരണം തുടങ്ങി. അടുക്കളയിൽ നിൽക്കുന്ന സ്ത്രീകളെ അസംബ്ലിയിലേക്ക് അയക്കുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. ഫെമിനിസ്റ്റ് ലക്ഷ്യങ്ങളോടെ അവർ ‘വിമൻസ് ലിബറേഷൻ പാർട്ടി’ (WLP) എന്ന രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ചു.

കുട്ടികളെ പ്രസവിക്കുന്ന കളിപ്പാട്ടങ്ങളായും അടുക്കള യന്ത്രങ്ങളായും സ്ത്രീകളെ കാണുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ പോരാടാനാണ് വിമൻസ് ലിബറേഷൻ പാർട്ടി രൂപീകരിച്ചത്. തമിഴ്‌നാട്ടിലെ സ്ത്രീകളുടെ അവസ്ഥ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും ശബരിമല പറഞ്ഞു. മുസ്ലിം മതത്തിലേക്ക് ചേരുന്നതിന് പിന്നാലെ, പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ആദരവും സ്‌നേഹവും കാരണമാണ് അദ്ദേഹത്തിന്റെ മകൾ ഫാത്തിമയുടെ പേരുതന്നെ സ്വീകരിച്ചതെന്നും ശബരിമല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button