
ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായ വൈദ്യുതി ടവർ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസാം രഥപൂർ സ്വദേശി ഇസാക്ക് കുജൂർ (25) ആണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഇന്നലെ രാവിലെ 11.30 ഓടെ വെള്ളാനി കല്ലട വീട്ടിൽ ബാലന്റെ പറമ്പിലെ ഉപയോഗശൂന്യമായ ടവർ അഴിച്ചുമാറ്റുന്നതിനിടയിലാണ് അപകടം നടന്നത്. കരാർ ജീവനക്കാരായ നാലുപേർ ടവർ അഴിച്ചു മാറ്റുവാൻ എത്തിയെങ്കിലും അസാം സ്വദേശികളായ ഇസാക്കും ജോസഫും മാത്രമാണ് ടവറിനു മുകളിൽ കയറിയത്. ടവർ ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
ടവറിനടിയിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഇസാക്ക് മരിക്കുകയായിരുന്നു. ജോസഫിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇരുവരെയും ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് കാട്ടൂർ പൊലീസും ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments