ബംഗളൂരു: ഹിജാബ്, ഹലാല്‍ തുടങ്ങിയ മതപരമായ തര്‍ക്കങ്ങള്‍ക്ക് ഇത് വരെയും അവസാനം ഉണ്ടായിട്ടില്ല. ഹിജാബ് ധരിച്ചവർക്ക് പരീക്ഷ എഴുതാൻ ഹാളിൽ പ്രവേശനം നിഷേധിച്ചതും അതിനെതിരെ നടന്ന പ്രതിഷേധവുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കൂടാതെ, സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ചേര്‍ക്കുന്നത് സംബന്ധിച്ച അഭിപ്രായവും വിവാദത്തിലായിരുന്നു. ഇപ്പോഴിതാ, സ്‌കൂളിൽ ബൈബിൾ നിർബന്ധമായി വിദ്യാർത്ഥികൾ കൊണ്ടുവരണമെന്ന നിർദ്ദേശവുമായി ബംഗളൂരുവിലെ ഒരു സ്‌കൂള്‍ രംഗത്ത്.
ക്ലാരന്‍സ് ഹൈ സ്‌കൂളാണ് ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ ഇത് തടയാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച ഒരു പ്രസ്താവനയും അഡ്മിഷന്‍ സമയത്ത് മാതാപിതാക്കള്‍ ഒപ്പിട്ടുനല്‍കണമെന്ന നിബന്ധനയും സ്‌കൂള്‍ അധികൃതര്‍ നിർദ്ദേശിക്കുന്നു.
read also: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം
എന്നാൽ, സ്‌കൂളിന്റെ ഈ നടപടി സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചില വലതുപക്ഷ സംഘടനകള്‍. ക്രിസ്ത്യന്‍ സമുദായത്തില്‍ ഉൾപ്പെടാത്ത വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നും അവരെ ബെബിള്‍ വായിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുകയാണെന്നും ഹിന്ദു ജനജാഗ്രതി സമിതിയുടെ സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു.
അതേസമയം, ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതർ. ബൈബിള്‍ അധിഷ്ഠിത വിദ്യാഭ്യാസമാണ് തങ്ങള്‍ നല്‍കുന്നത്. പതിനൊന്നാം ക്ലാസിന്റെ അഡ്മിഷന്‍ സമയത്ത്, ബൈബിള്‍ പഠനവുമായി ബന്ധപ്പെട്ട സണ്‍ഡേ സ്‌കൂളിലും മറ്റ് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളിലും കുട്ടി പങ്കെടുക്കണമെന്നും ക്ലാസില്‍ ബൈബിള്‍ കൊണ്ടുപോകുന്നത് മാതാപിതാക്കള്‍ എതിര്‍ക്കാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്ന ഒരു ഫോമില്‍ മാതാപിതാക്കള്‍ ഒപ്പിട്ടുനല്‍കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
കുട്ടികളുടെ ധാര്‍മികവും ആത്മീയവുമായ ക്ഷേമത്തിനായിട്ടാണ് ഈ നടപടിയെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നു.
Post Your Comments