ഡൽഹി: ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ലെന്നും ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിന്റെയും, അത് നടപ്പാക്കുന്ന ഭരണകൂടത്തിന്റെയും പ്രതീകമാണെന്നും വിമർശനവുമായി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ജഹാഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കൽ പരാമര്‍ശിച്ചായിരുന്നു ബൃന്ദ കാരാട്ടിന്റെ പ്രതികരണം. 1920കളില്‍ വിഡി സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഒരു ആശയത്തിന്റെ തുടര്‍ച്ചയാണിതെന്നും കൃത്യമായ ഒരു രാഷ്ട്രീയപദ്ധതിയാണെന്നും അവർ ആരോപിച്ചു.
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ജഹാംഗീര്‍പുരിയിലുണ്ടായതെന്നും ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരരായി കാണുന്ന സമീപനമാണിതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. നടന്ന സംഭവം, ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ സമീപനമാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
ഭരണഘടനാപരവും വ്യക്തിപരവുമായ സമസ്ത സ്വാതന്ത്ര്യങ്ങളും അട്ടിമറിക്കപ്പെടുന്ന കാലമാണിതെന്നും വര്‍ഗീയതയ്ക്കെതിരേ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഇല്ലെന്നാണ് കമ്യൂണിസ്റ്റുകാരുടെ നിലപാടെന്നും ബൃന്ദ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കുനേരെ മാത്രമല്ല ആക്രമണമെന്നും ആദിവാസികളും ദളിതരും ഈ ശക്തികളുടെ ആക്രമണത്തിനിരയാവുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഇതിനുപിന്നില്‍, കൃത്യമായ സാമ്പത്തിക അജണ്ടയുണ്ടെന്നത് കാണാതിരിക്കാനാവില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
Post Your Comments