പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ പാലക്കാട് നഗരത്തില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീനിവാസനെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ പിടിയിലായെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പിടിയിലായത് അക്രമികള്‍ക്ക് വാഹനം നല്‍കിയവരാണ് എന്നാണ് റിപ്പോര്‍ട്ട്. കൊലയാളിസംഘത്തിന് സഹായം നല്‍കിയ ചിലര്‍ ഇതിനൊടകം പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസില്‍ പന്ത്രണ്ടുപേര്‍ പ്രതികളാകും. ആറംഗ കൊലയാളിസംഘത്തിന് പുറമെ കേസില്‍ ആറുപേര്‍കൂടി പ്രതികളാകും. കൊലയ്ക്കായി നിരീക്ഷണം നടത്തിയവരെ ഉള്‍പ്പെടെ തിരയുന്നു. അതേസമയം, ഇവർ മറ്റ് ആർഎസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് നീക്കം നടത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആരെയെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് ഇവർ സുബൈറിന്റെ പോസ്റ്റ്‌മോർട്ടം സ്ഥലത്തു നിന്ന് പോയതെന്നാണ് സൂചന. ഇതിനിടെയാണ് ശ്രീനിവാസന്റെ കട ലക്ഷ്യമിട്ടത്.
ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുന്‍പ്, പ്രതികള്‍ പരിസരം സൂക്ഷമായി നിരീക്ഷിച്ചിരുന്നു എന്ന് വ്യക്തമാവുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ കടക്ക് മുന്നില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പലതവണ കടക്ക് മുന്നിലൂടെ സംഘം കടന്നുപോയി സാഹചര്യം നിരീക്ഷിച്ചിരുന്നു. കൃത്യം നടക്കുന്നതിന് തൊട്ടു മുന്‍പ്, 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിന് പുറമെ, രാവിലെ 10.30 മുതല്‍ പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
Post Your Comments