ഡൽഹി: ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗബ്രിയോസസിന് ഗുജറാത്തി പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബൽ ആയുഷ് ആന്റ് ഇന്നോവേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയപ്പോഴാണ് ‘തുളസി ഭായ്’ എന്ന പേര് അദ്ദേഹത്തിന് കിട്ടിയത്. ഗുജറാത്തി പേര് വേണമെന്ന ടെഡ്രോസിന്റെ ആവശ്യപ്രകാരമാണ്, ആയുർവ്വേദത്തിലെ അവിഭാജ്യഘടകമായ തുളസിയുടെ പേര് പ്രധാനമന്ത്രി ഡബ്യൂഎച്ച്ഒ നേതാവിനെ വിളിച്ചത്.
ടെഡ്രോസ് തന്റെ നല്ല സുഹൃത്തും അഭ്യുദയകാക്ഷിയുമാണെന്നും കാണുമ്പോഴെല്ലാം അദ്ദേഹം ഇന്ത്യയെയും, രാജ്യത്തെ അദ്ധ്യാപകരെയും പ്രശംസിച്ച് സംസാരിക്കാറുണ്ടെന്നും പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു. താനൊരു പക്കാ ഗുജറാത്തി ആയെന്നും തനിക്ക് ഒരു ഗുജറാത്തി പേര് കൂടി മതിയെന്നും, ടെഡ്രോസ് വേദിയിൽ നിന്നപ്പോഴും പറഞ്ഞു. തുടർന്ന്, മഹാത്മാ ഗാന്ധിയുടെ ഈ മണ്ണിൽ നിന്നുകൊണ്ട് ഗുജറാത്തി എന്ന നിലയിൽ ടെഡ്രോസിന് ‘തുളസി ഭായ്’ എന്ന് പേരിടാൻ തീരുമാനിക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘താങ്കൾക്ക് ഗുജറാത്തിനോടുള്ള സ്‌നേഹവും, ഗുജറാത്തി ഭാഷ സംസാരിക്കാനുള്ള വ്യഗ്രതയും, ഇന്ത്യയിലെ ഗുരുക്കന്മാരോടുള്ള ബഹുമാനവും കണക്കിലെടുത്ത്, മഹാത്മജിയുടെ മണ്ണിൽ നിന്നുകൊണ്ട് ടെഡ്രോസിനെ ‘തുളസി ഭായ് എന്ന്’ വിളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു’, പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments