കൊച്ചി: എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്ന മരിയ ജീവനോടെ ഉണ്ടെന്നതിന് കൂടുതൽ തെളിവുകൾ സിബിഐക്ക് ലഭിച്ചു. ജെസ്‌നയെ കണ്ടെത്താനായി ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് യെല്ലോ നോട്ടീസ്. ജെസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റർപോളിനു കൈമാറി.
വ്യാജ പാസ്‌പോർട്ടിൽ പെൺകുട്ടിയെ എങ്ങോട്ട് വേണമെങ്കിലും കടത്തിക്കൊണ്ട് പോയിരിക്കാമെന്നാണ് സിബിഐ പറയുന്നത്. എന്നാൽ, ജെസ്ന മരിയ ജെയിംസ് സിറിയയിലാണെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും സിബിഐ അത് തള്ളിയതോടെ സംഭവത്തിൽ വീണ്ടും ദുരൂഹത നിറയുകയാണ്. ജെസ്ന തിരോധാനക്കേസിൽ കുടുംബത്തിനു പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ.തച്ചങ്കരി വെളിപ്പെടുത്തിയിരുന്നെങ്കിലും, പെൺകുട്ടി ജീവനോടെയുണ്ടോ ഇല്ലയോ എന്ന് പോലും വീട്ടുകാർക്കും നാട്ടുകാർക്കും ഇപ്പോഴും അറിയില്ല.
മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് പത്തനംതിട്ടയിൽനിന്ന് കാണാതായ ജെസ്ന മരിയ വീട്ടിൽനിന്ന് പോയതെന്ന് കേരള പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിചയക്കാരെ കണ്ടപ്പോൾ ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്നയുടെ യാത്ര. ജെസ്നയുടെ ആൺസുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments