![](/wp-content/uploads/2022/04/untitled-36.jpg)
നെൽസൺ ദിലീപ്‍കുമാര്‍ എന്ന സംവിധായകന്റെ മൂന്നാമത്തെ പടമാണ് ബീസ്റ്റ്. നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത കോലമാവ് കോകില ആയിരുന്നു ആദ്യ പടം. ശിവകാർത്തികേയൻ നായകനായ ഡോക്‌ടർ ആയിരുന്നു രണ്ടാമത്തെ ചിത്രം. ഇപ്പോൾ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റ് ആണ് നെൽസന്റെ മൂന്നാമത്തെ ചിത്രം. രജനികാന്തിനൊപ്പമാണ് സംവിധായകന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, രജനി ചിത്രത്തിൽ നിന്നും സംവിധായകനെ മാറ്റി എന്നാണ് കോടമ്പാക്കത്തെ ചർച്ചാ വിഷയം. വന്‍ പ്രീ- റിലീസ് ഹൈപ്പ് സൃഷ്ടിച്ച് എത്തിയ ബീസ്റ്റിൽ പ്രതീക്ഷിച്ചപോലെ ഒന്നുമില്ലെന്ന വിമർശനം പരന്നതോടെയാണ് സംവിധായകനെ മാറ്റിയതെന്നാണ് ആക്ഷേപം.
പ്രേക്ഷകരുടെ പ്രിയം നേടാന്‍ വിജയ് ചിത്രത്തിന് കഴിഞ്ഞില്ല. ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസ് പ്രവഹിക്കാന്‍ തുടങ്ങിയതോടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷനിലേക്കു പോകാനും കഴിഞ്ഞിട്ടില്ല. രജനികാന്തിന്‍റെ കരിയറിലെ 159-ാം ചിത്രമായ തലൈവര്‍ 159 ഫെബ്രുവരി 22 ന് ആണ് പ്രഖ്യാപിക്കപ്പെട്ടത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുക അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കുമെന്നും പ്രഖ്യാപന സമയത്ത് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാൽ, രജനികാന്ത് ബീസ്റ്റ് കണ്ടിട്ട് ഇഷ്ടമായില്ലെന്ന് അറിയിച്ചെന്ന കരക്കമ്പനിയാണ് കോടമ്പാക്കത്തെങ്ങും.
അതേസമയം, ഈ പ്രചരണം സത്യമാവരുതേയെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്കൊപ്പം നെല്‍സന് പകരം മറ്റൊരാള്‍ സംവിധാന കസേരയിൽ ഇരിക്കണമെന്ന് കരുതുന്നവരും ഉണ്ട്. ഏതായാലും, നിലവിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളിൽ വാസ്തവമിമില്ലെന്നാണ് രജനി ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.
നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനെ വിമര്‍ശിച്ച് വിജയ്‍യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു. അറബിക് കുത്ത് പാട്ട് എത്തുന്നതു വരെ ചിത്രം താന്‍ ആസ്വദിച്ചെന്നും അതിനു ശേഷം കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നതൊന്നും ചിത്രത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Post Your Comments