ന്യൂഡൽഹി: കുത്തബ് മിനാറിനടുത്ത് ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് പണിയുന്നതിനായി 27 ക്ഷേത്രങ്ങൾ തകർത്തതായി പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് അവകാശപ്പെടുന്നു. കുത്തബ് മിനാറിനടുത്ത് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും, ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറയുന്നു.
ഡൽഹി ടൂറിസം വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 73 മീറ്റർ ഉയരമുള്ള കുത്തബ് മിനാർ, ആ സ്ഥലത്തെ തകർക്കപ്പെട്ട 27 ഹിന്ദു ക്ഷേത്രങ്ങളുടെ ബാക്കിവന്ന വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. അതിന്റെ കിഴക്കൻ കവാടത്തിന് മുകളിൽ ’27 ഹിന്ദു ക്ഷേത്രങ്ങൾ’ തകർത്തതിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് രേഖപ്പെടുത്തുന്നുവെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഡൽഹിയിലെ ആദ്യത്തെ മുസ്ലീം ഭരണാധികാരിയായ കുതാബ്-ഉദ്-ദിൻ ഐബക്ക് 1200-ൽ കുത്തബ് മിനാറിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും ബേസ്മെൻറ് പൂർത്തിയാക്കാൻ മാത്രമേ സാധിച്ചുള്ളൂ. അദ്ദേഹത്തിന്റെ പിൻഗാമിയായ ഇൽത്തുമിഷ് മൂന്ന് നിലകൾ കൂടി ചേർത്തു പണിതു. 1368-ൽ ഫിറോസ് ഷാ തുഗ്ലക്ക് അഞ്ചാമത്തെയും അവസാനത്തെയും നില നിർമ്മിച്ചതായി വെബ്സൈറ്റ് പറയുന്നു.
Also Read:മുടികൊഴിച്ചിൽ തടയാൻ ഹോട്ട് ഓയിൽ മസാജ്
‘ഒന്നല്ല, നിരവധി ഗണപതി വിഗ്രഹങ്ങൾ സൈറ്റിൽ നിന്ന് കണ്ടെത്തി. ഇതായിരുന്നു ചൗഹാന്റെ (പൃഥ്വിരാജ് ചൗഹാൻ) തലസ്ഥാനം. ഏകദേശം 27 ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു ഇവിടെ. ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുടെ അതേ ഘടകങ്ങൾ ഉപയോഗിച്ചാണ് ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് നിർമ്മിച്ചത്. 27 ക്ഷേത്രങ്ങൾ നശിപ്പിച്ച് ആ സ്ഥലത്ത് മോസ്‌ക് പണിയാൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകൾ അറബി ലിഖിതങ്ങളിലൂടെ നിങ്ങൾക്ക് വ്യക്തമായി കണ്ടെത്താൻ കഴിയും’, പ്രമുഖ പുരാവസ്തു ഗവേഷകൻ പറഞ്ഞു.
അതേസമയം, അടുത്ത നിർദ്ദേശം ഉണ്ടാകുന്നത് വരെ കുത്തബ് മിനാർ സമുച്ചയത്തിലുള്ള രണ്ട് ഗണപതി വിഗ്രഹങ്ങൾ നീക്കം ചെയ്യരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യോട് ഡൽഹി കോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മെയ് 17 ന് മാറ്റി. മൊഹമ്മദ് ഗൗരിയുടെ സൈന്യത്തിലെ ജനറൽ ഖുതുബ്ദിൻ ഐബക്കും ഖുവാത്ത്-ഉൽ-ഇസ്‌ലാമും ചേർന്ന് 27 ക്ഷേത്രങ്ങൾ ഭാഗികമായി തകർത്തുവെന്ന് അവകാശപ്പെട്ട്, ജൈന തീർത്ഥങ്കരനായ ഋഷഭ് ദേവിന് വേണ്ടി അഭിഭാഷകനായ ഹരി ശങ്കർ ജെയിൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ക്ഷേത്രങ്ങളുടെ മെറ്റീരിയൽ ഉപയോഗിച്ചാണ് കോംപ്ലക്‌സിനുള്ളിൽ മസ്ജിദ് ഉയർത്തിയത്. പണ്ടു മുതലേ ഈ പരിസരത്ത് രണ്ട് ഗണപതി വിഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും അവ കേവലം പുരാവസ്തുക്കൾ എന്ന നിലയിൽ കണ്ട് ദേശീയ മ്യൂസിയങ്ങളിലൊന്നിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് താൻ കരുതുന്നതായും ജെയിൻ ഹർജിയിൽ പറഞ്ഞു.
ഇതിനിടെ, കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങൾ സർക്കാർ പുനർനിർമ്മിക്കണമെന്നും, അവിടെ ഹിന്ദു ആചാരങ്ങളും പ്രാർത്ഥനകളും പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത് വന്നു. 1993-ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സ്മാരകത്തിന്റെ കോമ്പൗണ്ട് സന്ദർശിച്ചതിന് പിന്നാലെയാണ് ദേശീയ വക്താവ് വിനോദ് ബൻസാൽ ഉൾപ്പെടെയുള്ള ഒരു സംഘം വിഎച്ച്പി നേതാക്കൾ ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
‘ഞങ്ങൾ സൈറ്റിന്റെ പ്രധാന ഭാഗങ്ങൾ സന്ദർശിച്ചു, അത് ഹൃദയഭേദകമായിരുന്നു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുടെ അവസ്ഥ ഭയങ്കരമായിരുന്നു. 27 ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച സാമഗ്രികൾ ഉപയോഗിച്ചാണ് കുത്തബ് മിനാർ നിർമ്മിച്ചത്. രാജ്യത്തെ കളിയാക്കാൻ വേണ്ടി മാത്രം നിർമ്മിച്ചതാണ് സൂപ്പർ ഇമ്പോസ്ഡ് ഘടന’, ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. കുത്തബ് മിനാർ സമുച്ചയത്തിൽ അനാദരവോടെയാണ് ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ചതെന്ന് ദേശീയ സ്മാരക അതോറിറ്റി (എൻഎംഎ) ചെയർമാനും ബി.ജെ.പി നേതാവുമായ തരുൺ വിജയ് വ്യാഴാഴ്ച പറഞ്ഞിരുന്നു.
Post Your Comments