തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽ എന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയ ആളാണെന്നും പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. രാഹുൽ അല്ലാത്ത മറ്റൊരാൾ പാർട്ടി പ്രസിഡന്റാകണം. പ്രസിഡന്റ് നെഹ്‌റു കുടുംബത്തിൽ നിന്നുതന്നെ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് മറ്റൊരാൾ വരുന്നതിന് രാഹുലാണ് തടസം നിൽക്കുന്നത്. രാഹുലിന്റെ തീരുമാനങ്ങൾ കോക്കസുമായി മാത്രം ആലോചിച്ചുള്ളതാണ്. അനുഭവജ്ഞാനമില്ലാത്തവരാണിവർ. സ്ഥിരതയില്ലാത്തതിനാലാണ് പ്രതിസന്ധി ഘട്ടത്തിൽ അദ്ധ്യക്ഷസ്ഥാനം ഉപേക്ഷിച്ചുപോയത് എന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരവാദിത്തങ്ങൾ ഇല്ലാതിരുന്നിട്ടു കൂടി ഇപ്പോഴും നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് രാഹുൽ തന്നെയാണെന്നും പാർട്ടി അധ്യക്ഷനല്ലാത്ത ഒരാൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്നും
കുര്യൻ പറഞ്ഞു.
കൂടിയാലോചനകൾ ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. മുതിർന്ന നേതാക്കൾ നിരവധിയുണ്ടെങ്കിലും എല്ലാവർക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയായി കോൺഗ്രസ് മാറുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments