പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താനെത്തിയവർ സഞ്ചരിച്ച കാർ കൊല്ലപ്പെട്ട ആർ.എസ്.എസ്.പ്രവർത്തകൻ സഞ്ജിത്തിന്റേത് തന്നെന്ന് അമ്മ സുനിത. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുൻപ് തകരാർ പരിഹരിക്കാൻ വർക്ക് ഷോപ്പിൽ കൊടുത്തതാണ്. എവിടെയാണ് കൊടുത്തതെന്നോ പിന്നീട് എന്ത് സംഭവിച്ചുവെന്നും അറിയില്ല. കേടുപാട് തീർക്കാൻ വലിയ തുക വേണമെന്ന് സഞ്ജിത്ത് അറിയിച്ചിരുന്നതായും സുനിത പറഞ്ഞു.
ഇതേ കാര്യം തന്നെയാണ്, സഞ്ജിതിന്റെ ഭാര്യ അർഷികയും പറഞ്ഞത്. സുബൈറിനെ അറിയില്ല എന്നും അർഷിക പറഞ്ഞു. പോലീസ് വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു കാര്യം താൻ അറിഞ്ഞതെന്നും അവർ ചാനലിനോട് വെളിപ്പെടുത്തി. അതേസമയം, കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നെന്ന സൂചനയെത്തുടർന്ന് അന്വേഷണം സംഘം തിരച്ചിൽ നടത്തുന്നുണ്ട്.
വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രണ്ടു കാറുകളിലായെത്തിയ കൊലയാളിസംഘം, ഒരു കാർ ഉപേക്ഷിച്ചശേഷമാണ് കടന്നുകളഞ്ഞത്. അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ, എഫ്ഐആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ. ഇന്നു രാവിലെ പത്ത് മണിയോടെ, പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം.
Post Your Comments