
മൂവാറ്റുപുഴ: മൂവാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ രാജിവച്ചു. പാർട്ടി നിർദ്ദേശപ്രകാരമാണ് നടപടി. ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവർക്കാണ് സസ്പെൻഷൻ. ജപ്തി നടപടിയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നേരത്തെ ജപ്തി വിവാദം ഉണ്ടായ ബാങ്കാണ് ഇത്. ഈ മാസം രണ്ടിനാണ് ജപ്തി വിവാദം ഉണ്ടായത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കിയത്. നാട്ടുകാർ സാവകാശം ചോദിച്ച് അഭ്യർത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥർ വീട് പൂട്ടി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽനാടൻ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാൻ സാവകാശം വേണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.
ദളിത് കുടുംബത്തിലെ ഗൃഹനാഥൻ ഹൃദ്രോഗത്തേത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയിൽ കൂട്ടിരിക്കുകയായിരുന്നു. ബാങ്ക് ജനറൽ മാനേജറുടെ നേതൃത്വത്തിലുള്ള സംഘമെത്തുമ്പോൾ നാല് കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായുണ്ടായിരുന്നത്. ബാങ്ക് അധികൃതർ ജപ്തി നടപടികൾക്കെത്തുമ്പോൾ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എം.എൽ.എയെ അറിയിച്ചത്.
രാത്രി എട്ടരയോടെ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കൾ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതർ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എം.എൽ.എയെ അറിയിച്ചിരുന്നു. എന്നാൽ, രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികൾ ഒന്നും ഉണ്ടാവാത്തതോടെ എം.എൽ.എ. തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.
ഇതിന് പിന്നാലെ, സർക്കാർ നയത്തിന് വിരുദ്ധമായി വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സഹകരണ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നൽകി. തുടർന്ന് മൂവാറ്റുപുഴ അർബൻ ബാങ്ക് സി.ഇ.ഒ. ജോസ് കെ. പീറ്റർ രാജി വെച്ചു. ഇതിന് ശേഷമാണ് ഇപ്പോൾ ബാങ്കിന്റെ ചെയർമാനും പാർട്ടി നേതാവുമായ ഗോപി കോട്ടമുറിക്കൽ രാജിവെച്ചിരിക്കുന്നത്.
Post Your Comments