ബെംഗളൂരു: കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ കർണാടക ഗ്രാമ വികസന മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവച്ചു.
ബെംഗളൂരുവിലെത്തിയ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയ്ക്ക് ഈശ്വരപ്പ രാജിക്കത്ത് കൈമാറി. കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആത്‌മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തതോടെയാണ് രാജി.
കരാറുകാരൻ സന്തോഷ് പാട്ടീലിൻ്റെ മരണത്തിൽ ആത്‌മഹത്യ പ്രേരണയ്ക്ക് മന്ത്രിയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഈശ്വരപ്പ പറഞ്ഞു. കരാറുകാരൻ്റെ മരണത്തിൽ ധാർമ്മികത കണക്കിലെടുത്താണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനൊടുക്കിയ സന്തോഷ് പാട്ടീലിൻ്റെ ആത്‌മഹത്യാക്കുറിപ്പിൽ ഈശ്വരപ്പയ്ക്കെതിരെ പരാമർശമുണ്ടായിരുന്നു. സന്തോഷ് പാട്ടീലിന്റെ സഹോദരന്റെ പരാതിയിൽ മന്ത്രിയുടെ രണ്ട് സഹായികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Post Your Comments