ഖാര്‍ഗോണ്‍: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് നിരവധി വീടുകളും കടകളും തകർത്തിരുന്നു. ഏറെ നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ പ്രതികരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍. മുസ്ലിംങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ നിയമവിരുദ്ധമായി പൊളിച്ചുനീക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി തുറന്നടിച്ചു. മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ കലാപത്തെത്തുടർന്ന് മുസ്ലിംങ്ങളുടെ കടകളും വീടുകളും തകർത്തുവെന്ന റിപ്പോർട്ടിയിൽ പ്രതികരിക്കുകയായിരുന്നു ആംനസ്റ്റി.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മുസ്ലിം വിരുദ്ധ ആക്രമണങ്ങളുമായും വിദ്വേഷ പ്രസംഗങ്ങളുമായും ബന്ധപ്പെട്ട അഗാധമായ ചില സംഭവങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. എല്ലാത്തിനുമുപരി, കലാപം നടന്നതായി സംശയിക്കപ്പെടുന്ന ആളുകളുടെ സ്വകാര്യ സ്വത്ത്, അറിയിപ്പുകളോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ പൊളിച്ചുനീക്കുന്ന അധികാരികളുടെ നിയമവിരുദ്ധമായ നടപടി നിയമവാഴ്ചയ്ക്ക് കനത്ത പ്രഹരമാണ്. പൊളിച്ചുമാറ്റിയ വസ്തുവകകളിൽ ഭൂരിഭാഗവും മുസ്ലിംങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത്തരത്തിൽ ശിക്ഷാവിധേയമായി, സംശയിക്കുന്നവരുടെ കുടുംബവീടുകൾ തകർക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ ലംഘനത്തിന് കാരണമാകും’, ആംനസ്റ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
കടുത്ത മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് ഖാര്‍ഗോണില്‍ നടക്കുന്നതെന്ന് ആംനസ്റ്റി വിമർശിച്ചു. അധികൃതർ അടിയന്തരമായി പൊളിച്ചുനീക്കലിനെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുകയും, അക്രമത്തിന് കാരണമായവരെ ന്യായമായ വിചാരണയിലൂടെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആംനസ്റ്റി വ്യക്തമാക്കി. ഇരകൾക്ക് നീതി ലഭിക്കണമെന്നും, അവർക്ക് ഫലപ്രദമായ പ്രതിവിധി നല്കിയിരിക്കണമെന്നും പ്രസ്താവനയിൽ എഴുതി ചേർത്തിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾ ഉൾപ്പെടെ, അതിന്റെ അധികാര പരിധിയിലുള്ള എല്ലാ ആളുകളെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ് എന്നും ആംനസ്റ്റി പ്രസ്താവനയിൽ അറിയിച്ചു.
ഏപ്രില്‍ 11ന് രാമനവമി ആഘോഷങ്ങള്‍ക്കിടെ ഒരു പള്ളിക്ക് സമീപം മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചായിരുന്നു കലാപവും കല്ലേറും നടന്നത്. ഇതിന് പിന്നാലെ ഖാര്‍ഗോണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അക്രമികളെ തിരിച്ചറിഞ്ഞതായും അവര്‍ക്കെതിരായ നടപടി അറസ്റ്റില്‍ മാത്രം ഒതുക്കില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അക്രമത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കളും വീടുകളും പ്രാദേശിക അധികാരികള്‍ തകർത്തിരുന്നു.
Post Your Comments