Latest NewsNewsIndia

കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അടിച്ചമര്‍ത്തലും വേട്ടയാടലുകളും മൂലം ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇന്ത്യയിലെ സ്റ്റാഫിനെ ഒഴിവാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ആംനസ്റ്റി അറിയിച്ചു. ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. അതേസമയം എഫ് സി ആര്‍ എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട്) അഥവാ വിദേശ സംഭാവനാ നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ആംനസ്റ്റി അനധികൃതമായി രാജ്യത്തേയ്ക്ക് വിദേശഫണ്ട് കൊണ്ടുവരുകയാണെന്ന് ആംനെസ്റ്റിക്കെതിരെ ആരോപണമുയർത്തി.

സംഘടന ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നുയെന്നും ഗവേഷണപ്രവര്‍ത്തനങ്ങളടക്കം എല്ലാം അവസാനിപ്പിക്കേണ്ടതായി വന്നിരിക്കുന്നുയെന്നും ആംനെസ്റ്റി വ്യകത്മാക്കി. സ്റ്റാഫിനെ ഒഴിവാക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഇന്ത്യ ഗവണ്‍മെന്റ് മനുഷ്യാവകാശ സംഘടനകള്‍ക്കെതിരെ നടത്തിവരുന്ന വേട്ടയാടലില്‍ ഏറ്റവും പുതിയതാണിത്. അടിസ്ഥാനരഹിതവും പല പ്രേരണകളുടെ അടിസ്ഥാനത്തിലുമുള്ള ആരോപണങ്ങളുടെ പുറത്താണ് സര്‍ക്കാരിന്റെ ഈ നടപടികള്‍. ഇന്ത്യയിലെ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തിലും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിലുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആംനസ്റ്റി എടുത്തുപറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള തങ്ങളുടെ റിപ്പോര്‍ട്ടുകളാണ് തങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്ക് കാരണമെന്ന് ആംനസ്റ്റി സർക്കാരിനെതിരെ കുറ്റപ്പെടുത്തി.

Read Also: തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബിജെപി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍ണമായും മരവിപ്പിച്ചതും അടിച്ചമര്‍ത്തല്‍ നടപടികളും ആസൂത്രിതമാണെന്ന് ആംനസ്റ്റി സർക്കാരിനെതിരെ ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ തുടര്‍ച്ചയായി ഉപദ്രവിക്കുകയാണ്. ഈയടുത്ത് ഡല്‍ഹി കലാപ കേസില്‍ ഡല്‍ഹി പോലീസിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും വിശ്വാസ്യത ചോദ്യം ചെയ്തുള്ള റിപ്പോര്‍ട്ടുകളടക്കമുള്ളും ജമ്മു കാശ്മീരിലെ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളുമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത് – ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യക്ക് ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ 10 കോടി രൂപ കേന്ദ്രസര്‍ക്കാരിന്‌റെ അനുമതിയില്ലാതെ കൈമാറിയെന്ന പരാതിയില്‍ സിബിഐ കേസെടുത്തിരുന്നു. പിന്നീട് മറ്റൊരു 26 കോടി രൂപ കൂടി ഇത്തരത്തില്‍ ആംനസ്റ്റി യുകെ നല്‍കിയതായി പരാതിയുണ്ട്. അതേസമയം നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ് ഡി ഐ) ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പണം സ്വീകരിച്ചെന്നും നോണ്‍ പ്രൊഫിറ്റ് ആയി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇത്തരത്തില്‍ വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. 2017ല്‍ ആംനസ്റ്റി ഇന്ത്യയുടെ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ആംനസ്റ്റി കോടതിയെ സമീപിച്ച്‌ ഈ നടപടി റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button