കൊച്ചി: ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ട്രാന്‍സ് വുമണിന്റെ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച കേസിൽ അര്‍പ്പിത പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. ത്യക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത അര്‍പ്പിതയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. എറണാകുളം മരോട്ടിച്ചുവട്ടിലെ വീട്ടില്‍ വെച്ച് നടന്ന സംഭവത്തിൽ, കോഴിക്കോട് സ്വദേശിയായ ട്രാന്‍സ് വുമണിന്റെ കൈ വെളളയിലാണ് കര്‍പ്പൂരം കത്തിച്ചുള്ള ക്രൂരത അരങ്ങേറിയത്. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് പൊള്ളലേറ്റ ട്രാന്‍സ് വുമണ്‍.
കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു സംഭവം. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കൊല്ലം സ്വദേശിയും, മറ്റൊരു ട്രാന്‍സ് വുമണുമായ അര്‍പ്പിത പി നായരാണ് കര്‍പ്പൂരം കത്തിച്ചത്. ഈ സമയം മറ്റ് ട്രാന്‍സ് ജെന്റര്‍ സുഹ്യത്തുക്കള്‍ കര്‍പ്പൂരം കത്തിക്കുന്നതില്‍ നിന്നും അര്‍പ്പിതയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്മാറാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു.
പൊളളലേറ്റ ട്രാന്‍സ് വുമണും, അര്‍പ്പിതയും മരോട്ടിചുവട്ടിലെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കൈ വെള്ളയില്‍ പൊള്ളലേറ്റ് വികൃതമായിട്ടും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാനും അർപ്പിത തയ്യാറായില്ല. ദിവസങ്ങള്‍ കഴിഞ്ഞ് കൈക്ക് നീര് വന്നതോടെയാണ് പൊള്ളലേറ്റ ട്രാന്‍സ് വുമണ്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ സ്വയം കര്‍പ്പൂരം കത്തിച്ചെന്നാണ് അവരോടും അറിയിച്ചത്.
ദിവസങ്ങൾക്ക് മുന്‍പ്, സ്വന്തമായി മറ്റൊരു വീട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് പൊള്ളലേറ്റ ട്രാന്‍സ് വുമണ്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായി ജീവിക്കുന്ന യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൈവെള്ളയില്‍ മാരകമായി പൊള്ളലേല്‍പ്പിച്ചു എന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവം തടയാന്‍ ശ്രമിച്ച പരാതിക്കാരിയുടെ സുഹൃത്തിനെ, വീട്ടില്‍ നിന്നും അസഭ്യം പറഞ്ഞ പുറത്താക്കിയതായും എഫ്ഐആറില്‍ പറയുന്നു.
Post Your Comments