ന്യൂഡല്‍ഹി: ഭക്ഷ്യക്ഷാമത്തില്‍ വലയുന്ന ശ്രീലങ്കയിലേക്ക് 11,000 മെട്രിക് ടണ്‍ അരി കൂടി ഇന്ത്യ എത്തിച്ചു. ശ്രീലങ്കയില്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് അരി ഇന്നലെ കപ്പല്‍മാര്‍ഗം കൊളംബോയില്‍ എത്തിച്ചത്. ഏപ്രില്‍ 13, 14 തിയതികളിലാണ് സിംഗള, തമിഴ് വംശജര്‍ പുതുവര്‍ഷം ആഘോഷിക്കുന്നത്. കഴിഞ്ഞ ആഴ്ച 16,000 മെട്രിക് ടണ്‍ ധാന്യങ്ങളും ഇന്ത്യ എത്തിച്ചിരുന്നു.
ഭരണസഖ്യത്തില്‍ നിന്ന് പിന്മാറിയ പിയാങ്കര ജയരത്നെ, ശാന്ത ബണ്ഡാര എന്നിവര്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തി. ഇടക്കാല സര്‍ക്കാര്‍ പദ്ധതി തള്ളിയ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, രാജപക്സ സര്‍ക്കാരിനെ പുറത്താക്കാന്‍ അവിശ്വാസം അടക്കം ഭരണഘടനാ പ്രകാരമുള്ള എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമെന്ന് പറഞ്ഞു.
അതേസമയം, രാജ്യം കടക്കെണിയില്‍ വലയുന്ന സാഹചര്യത്തില്‍, എല്ലാ വിദേശ കട ബാദ്ധ്യതാ തിരിച്ചടവുകളും താത്കാലികമായി നിറുത്തി വയ്ക്കുന്നതായി ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇന്ധനം പോലുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയ്ക്ക് ആവശ്യമായ വിദേശ കരുതല്‍ ധനം വളരെ പരിമിതമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഗെ അറിയിച്ചു.
കടം തിരിച്ചടയ്ക്കാനാവാത്ത ഘട്ടത്തിലാണ് രാജ്യം. കടബാദ്ധ്യത പുനഃക്രമീകരിക്കുന്നതാണ് ഏറ്റവും മികച്ച നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ അന്താരാഷ്ട്ര നാണയ നിധിയുമായി ചേര്‍ന്നുള്ള വായ്പാ പുനര്‍രൂപീകരണ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി.
രാസവള നിരോധനത്തെ തുടര്‍ന്ന് കൃഷിനാശം നേരിട്ട കര്‍ഷകരെ സഹായിക്കാന്‍ വളം സബ്സിഡി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സ അറിയിച്ചു. ശ്രീലങ്കയില്‍ പൂര്‍ണമായും ജൈവ കൃഷി നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് വളം സബ്സിഡി താത്കാലികമായി നിറുത്തിയത്.
Post Your Comments