Latest NewsKeralaNews

കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരനെയാണ് സിപിഎം ജില്ലാ നേതാവ് മത തീവ്രവാദി എന്ന് വിളിച്ചത്: ഷെജിനെക്കുറിച്ചു കുറിപ്പ്

ഹിന്ദുത്വ കമ്മ്യുണിസ്റ്റുകളുടെ പ്രണയ 'പരിമിതികൾ'....

വ്യത്യസ്ത മതത്തില്‍ പെട്ട രണ്ടു മനുഷ്യര്‍ തമ്മിലുള്ള പ്രണയ വിവാഹം കേരളത്തിൽ ലവ് ജിഹാദ് എന്ന തരത്തിൽ ചർച്ചയാക്കപ്പെടുകയാണ്. വിദേശത്ത് നേഴ്സായ ജ്യോത്സ്നയും സിപിഎം നേതാവുമായ ഷെജിനും വിവാഹിതരായതിനു പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തി. സിപിഎം നേതാവ് ജോര്‍ജ് എം തോമസ്‌ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞതും വിവാഹത്തിന്റെ പേരിൽ ഷെജിനെതിരെ നടപടി എടുക്കാൻ പാർട്ടി ആലോചിക്കുന്നതും പ്രശ്നത്തെ രാഷ്ട്രീയമാക്കി മാറ്റി. ഇപ്പോഴിതാ, ഷെജിനെക്കുറിച്ചു മാധ്യമ പ്രവർത്തകൻ ആബിദ് അടിവാരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

‘ഇന്ന് സിപിഎം നേതാവ് ജോർജ്ജ് എം തോമസ് സുഡാപ്പി എന്ന് നീട്ടിവിളിച്ച ഷെജിനെ എനിക്കറിയാം. കമ്മ്യുണിസ്റ്റുകാരൻ ക്രിസ്ത്യൻ പെണ്ണിനെ കൊണ്ടുപോയതിന് മുസ്ലിം സംഘടനകൾക്ക് നേരെ ആരോപണം ഉന്നയിക്കാൻ ആ മനുഷ്യരെ പഠിപ്പിച്ചത് ജോർജ്ജ് നേതൃത്വം നൽകിയ സിപിഎമ്മാണ്.’ – ആബിദ് കുറിക്കുന്നു

read also: കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം സിപിഎം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നു: വിടി ബല്‍റാം

പോസ്റ്റ് പൂർണ്ണ രൂപം

ഹിന്ദുത്വ കമ്മ്യുണിസ്റ്റുകളുടെ പ്രണയ ‘പരിമിതികൾ’….

ഇന്ന് സിപിഎം നേതാവ് ജോർജ്ജ് എം തോമസ് സുഡാപ്പി എന്ന് നീട്ടിവിളിച്ച ഷെജിനെ എനിക്കറിയാം, അവൻ്റെ ഉമ്മ കുൽസുവിന്റെ കയ്യും പിടിച്ച് അടിവാരം അങ്ങാടിയിൽ വരുന്ന കാലം മുതൽ കാണുന്നവനാണ്. കഷ്ടപ്പാടുകളോട് പൊരുതി ജീവിച്ച കുട്ടിയാണ്, പിന്നീട് കോഴിക്കോട് പോളിയിലെ പഠന കാലത്ത് എസ്എഫ്ഐ നേതാവാകുകയും, തുടർന്ന് ഡിവൈഎഫ്ഐ നേതാവാകുകയും കോടഞ്ചേരി പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തവനാണ്. മത ജീവിതത്തിൻറെ ഒരു വിധ അസ്കിതയും പിടികൂടാത്ത കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരനാണ്,അയാളെയാണ് ഇന്ന് സിപിഎം ജില്ലാ നേതാവ് മത തീവ്രവാദി എന്ന് വിളിച്ചത്, ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രെണ്ടിന്റെയും ചട്ടുകമായി ഷെജിനെതിരെ പാർട്ടി നടപടിയെടുക്കാൻ ഒരുങ്ങുകയാണ്.

സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന, മതത്തിനും ജാതിക്കും ലിംഗത്തിനും പോലും അതീതമായ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന SFI പോസ്റ്ററുകൾ നമ്മുടെ കാമ്പസുകളിൽ ഇപ്പോഴുമുണ്ട്, മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് പുറത്തു ചാടി വിവാഹിതരാകുന്നവരെ ആഘോഷപൂർവ്വം ആനയിക്കുന്ന DYFI പോസ്റ്ററുകൾ സോഷ്യൽ മീഡിയയിലും തെരുവോരങ്ങളിലും ധാരാളം കാണാനുണ്ട്. എന്നിട്ടുമെന്തേ ഷെജിൻ ഒരു ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ പാർട്ടിക്ക് അംഗീകരിക്കാൻ പ്രയാസം..?, മിശ്ര വിവാഹം മതമൈത്രി തകർക്കും എന്ന സംഘികളുടെ തിയറി കൂടി ഏറ്റു പറഞ്ഞിട്ടുണ്ട് സിപിഎം നേതാവ്.

പലവട്ടം ഈ വാളിൽ അത് പറഞ്ഞിട്ടുണ്ട്, ദേശീയ തലത്തിൽ മുസ്ലിം അപരവല്കരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി നടത്തുന്ന ‘വിജയകരമായ’ പരീക്ഷിണത്തിൻ്റെ കേരള മോഡൽ നടപ്പാക്കുന്നത് സിപിഎമ്മാണ്, മുസ്ലിം അപരവല്കരണത്തിലൂടെ ഹിന്ദു ക്രിസ്ത്യൻ പോളറൈസേഷൻ സൃഷ്ട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത്. ആ പരീക്ഷണം ഏറ്റവും വിജയകരയായി നടന്ന ഒരു മണ്ഡലമാണ് ഞാനും ഷെജിനുമൊക്കെ ജീവിക്കുന്ന തിരുവമ്പാടി യുഡിഎഫിന്റെ മുസ്ലിം സ്ഥാനാർഥിക്കെതിരെ വീടുകൾ തോറും കയറി വർഗീയ പ്രചരണം നടത്തിയിട്ടുണ്ട് സിപിഎം, അതിൻ്റെ അലയൊലിയാണ് ഇന്നലെ കോടഞ്ചേരിയിൽ കണ്ടത്. കേരളത്തിൽ വിവാദം സൃഷ്ട്ടിച്ച പല മിശ്രവിവാഹങ്ങളും നടന്നിട്ടുണ്ട് പക്ഷെ ആദ്യമായാണ് ഒരു മത വിഭാഗം മത പുരോഹിതരുടെ നേതൃത്വത്തിൽ സംഘടിച്ച് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത്, കമ്മ്യുണിസ്റ്റുകാരൻ ക്രിസ്ത്യൻ പെണ്ണിനെ കൊണ്ടുപോയതിന് മുസ്ലിം സംഘടനകൾക്ക് നേരെ ആരോപണം ഉന്നയിക്കാൻ ആ മനുഷ്യരെ പഠിപ്പിച്ചത് ജോർജ്ജ് നേതൃത്വം നൽകിയ സിപിഎമ്മാണ്.

കേരളാ പോലീസും എൻ ഐ എ യും കർണാടക പോലീസുമെല്ലാം അന്വേഷിച്ച് ഹിന്ദു തീവ്രവാദ സംഘടനകളുടെ കെട്ടിച്ചമച്ച ആരോപണം മാത്രമെന്ന് റിപ്പോർട്ട് കൊടുത്ത ലവ് ജിഹാദ് സിപിഎം ഇനിയും വിട്ടിട്ടില്ല, അവരുടെ നേതാവായ വിഎസ് അച്യുതാനന്ദൻ നട്ടു വളർത്തിയ ആ വിഷച്ചെടി ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ ആ പാർട്ടി സൂക്ഷിച്ചു വെച്ചതിന് തെളിവാണ് ഇന്ന് തിരുവമ്പാടി സിപിഐഎമ്മിൽ നിന്ന് കേട്ടത്. പാർട്ടി രേഖകളിൽ ലവ് ജിഹാദ് ഉണ്ടെന്നാണ് ജോർജ് ആധികാരികമായി പറഞ്ഞത്, അതായത് ജോർജിന്റേത് നാക്കുപിഴയല്ല, പാർട്ടി നയമാണ്.

ഷൂ നക്കരുത് എന്നെഴുതി വെച്ചതിന് കേസെടുത്ത, പൗരത്വ സമരകാലത്ത് സ്വന്തം കടയടച്ച് വീട്ടിൽ പോയ വ്യാപാരികൾക്കെതിരെ കേസെടുത്ത, ഗാന്ധിയെ കൊന്നത് ആർഎസ്എസ് തന്നെ എന്നെഴുതി വെച്ചതിനെ കേസെടുത്ത ഒരു ആഭ്യന്തര വകുപ്പ് കേരളത്തിൽ നിർമ്മിച്ചെടുത്ത സിപിഎമ്മിന്റെ കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് പോളറൈസേഷൻ. മതത്തിന്റെ വേലിക്കെട്ട് പൊളിക്കാൻ സിപിഎം ആഹ്വാനം ചെയ്യുമ്പോൾ അത് ഇസ്‌ലാം മതത്തിന്റെ വേലിക്കെട്ട് മാത്രമാണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സഖാക്കൾക്കുണ്ടാവണം. തിരുവമ്പാടി MLA ലിന്റോ ജോസഫ് ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിൽ ഒരു ബുദ്ധിമുട്ടും തോന്നാത്ത സിപിഎമ്മിനും ക്രിസംഘികൾക്കും മുസ്ലിം ഉമ്മക്ക് ജനിച്ച ഷെജിൻ ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിക്കുന്നത് അപരാധമായി തോന്നുന്നത് കൊടിയ വർഗീയതയാണെന്ന് മനസ്സിലാവണം.

സിപിഎമ്മിലെ മുസ്ലിംകളുടെ ഗതികേടിനെകുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്, മുസ്ലിംകളെ ഇനി ആവശ്യമില്ല എന്ന് ബോധമുള്ളവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കഴിഞ്ഞ ഒരു പാർട്ടിയിൽ തുടരുമ്പോഴുള്ള പ്രയാസം അവർ അനുഭവിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് സെൻട്രൽ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാൻ പോകുന്ന കുട്ടികളെ തീവ്രവാദ പ്രവർത്തനത്തിന് അയക്കുന്നതാണ് എന്ന് എളമരം കരീമിന് പറയേണ്ടി വരുന്നത്, എ എ റഹീമിന് ഒന്ന് വീതം മൂന്ന് നേരം ജമാഅത്തെ ഇസ്ലാമിയാണ് ഏറ്റവും വലിയ ഭീഷണി എന്ന് പ്രസംഗിക്കേണ്ടി വരുന്നത്, എൻ്റെ പോസ്റ്റിനടയിൽ വന്ന് പേയിളകിയ പോലെ മൗദൂദി തീവ്രവാദി എന്ന് മാപ്ലാവുകൾക്ക് ആക്രോശിക്കേണ്ടി വരുന്നത് തന്നെ വേണ്ടാത്തിടത്താണ് നിൽക്കുന്നത് എന്ന ഫ്രസ്‌ട്രേഷനിൽ നിന്നാണ്, അതിനിയും മനസ്സിലാകാത്തവർ ഷിജിനോട് ചോദിച്ചാൽ മതി. പാർട്ടിക്കപ്പുറം ഒരു മതവും ഇല്ലാതെ ജീവിച്ച അയാൾക്ക് താൻ കോടിയേരി മുന്നറിയിപ്പു നൽകിയ, നുഴഞ്ഞു കയറിയ സുഡാപ്പിയല്ല എന്ന് പാർട്ടിക്ക് മുമ്പിൽ തെളിയിക്കേണ്ടി വരും.

ഫാസിസ്റ്റ് കാലത്ത് രാജ്യത്തിന് മുഴുവനും പ്രതീക്ഷ നൽകാൻ കഴിയുമായിരുന്ന ഒരു ഇടതുപക്ഷ പ്രസ്ഥാനമായി നിലകൊള്ളേണ്ടിയിരുന്ന ഒരു പാർട്ടിയാണ് പാർട്ടി മുതലാളിമാരുടെ കൊള്ളരുതായ്മകളുടെയും ദുരാഗ്രഹങ്ങളുടെയും പേരിൽ ഒരു വലതു പക്ഷ തീവ്രവാദി പ്രസ്ഥാനത്തിന്റെ അരികുപറ്റി വർഗീയ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തേണ്ടി വന്നത്, രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള വലിയ പാഠമായിരിക്കും സിപിഎമ്മിന്റെ ജീർണ്ണതയും പതനവും.
ലവ് ജിഹാദ് ആരോപണമൊക്കെ എല്ലാവരും മറന്നു എന്ന് കരുതുന്നവരുണ്ടാകും, ക്രിസ്ത്യൻ ബെൽറ്റിൽ അതിപ്പോഴും സജീവമാണ്, ബിഷപ്പുമാർ നേരിട്ടിറങ്ങിയാണ് വിഷപ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഇന്ന് സുഹൃത്ത് Georgekutty Kiliyantharayil എഴുതിയ പോസ്റ്റിന്റെ ലിങ്ക് കമ്മന്റിലുണ്ട്
ഷെജിനും ജോയ്സനും വിവാഹ മംഗളാശംസകൾ…
-ആബിദ് അടിവാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button