തിരുവനന്തപുരം: അനുമതിയില്ലാതെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ കോൺഗ്രസ് എന്ത് നടപടിയെടുക്കും എന്നതാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് ഡൽഹിയിൽ ചേരുന്ന കോണ്ഗ്രസ് അച്ചടക്ക സമിതിയാണ് എന്ത് ശിക്ഷ തോമസിന് നൽകണമെന്ന് തീരുമാനിക്കുന്നത്.
കെ വിയെ അനുകൂലിച്ചു പലരും രംഗത്തു വന്നിരുന്നെങ്കിലും, പാർട്ടി നടപടിയിൽ നിന്ന് പിന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. പോകരുതെന്ന് പറഞ്ഞിട്ടും പാർട്ടി കോൺഗ്രസിന് പോയതിന്റെ ദേഷ്യമാണ് പല കോൺഗ്രസ് നേതാക്കളും കെ വി തോമസിനെതിരെ തുറന്നു കാട്ടിയത്. പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നിട്ട് പോലും, അതിന്റെ നിലപാടുകളെ മാനിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നായിരുന്നു വിമർശകരുടെ അഭിപ്രായം.
അതേസമയം, എല്ലാ വിലക്കുകളും ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് കെ വി തോമസ് മാത്രമാണെങ്കിലും, കേരളത്തിൽ അല്ല മറ്റേതെങ്കിലും സംസ്ഥാനത്ത് വെച്ചാണ് പാർട്ടി കോൺഗ്രസ് നടത്തുന്നത് എങ്കിൽ തീർച്ചയായും പങ്കെടുക്കുമായിരുന്നു എന്നാണ് കെ മുരളീധരൻ പറഞ്ഞത്. എന്നാൽ, തനിക്ക് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും, കണ്ണൂരിലേക്ക് പോകാൻ താൻ തയ്യാറായിരുന്നുവെന്നും എന്നാൽ, സോണിയ ഗാന്ധി സമ്മതിച്ചിരുന്നില്ല എന്നായിരുന്നു സംഭവത്തിൽ ശശി തരൂരിന്റെ പ്രതികരണം.
Post Your Comments