കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ജനങ്ങളാണ് പാര്‍ട്ടിയുടെ ശക്തി. 1383 ഹെക്ടര്‍ ഭൂമി മാത്രമാണ് പദ്ധതിക്കായി എടുക്കുന്നത്. ആ പ്രദേശത്തെ ജനങ്ങള്‍ക്ക് വീട് നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരുണ്ടാകും. അതുകൊണ്ട്, അവരെ ഇളക്കി വിട്ട് പദ്ധതി തകര്‍ക്കാമെന്ന് കോ-ലീ-ബി സഖ്യം കരുതരുത്’ , കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
‘കേന്ദ്ര ഗവണ്‍മെന്റ് 400 റെയില്‍വേ സ്‌റേഷനുകളും, 1400 കീ.മി റെയില്‍വേ ട്രാക്കുകളുമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. എല്ലാം സ്വകാര്യവത്ക്കരിക്കുകയാണ്. ഇവിടെ പൊതുമേഖലയില്‍ ഒരു റെയില്‍വേ വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നു. ഇത്തരക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടാണ്, സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്’, കോടിയേരി ആരോപിച്ചു.
‘കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമാണ്. അവരെ അണിനിരത്തികൊണ്ട് ഈ പദ്ധതി നടപ്പാക്കാന്‍ സാദ്ധ്യമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് കോ-ലീ-ബി സഖ്യം മനസിലാക്കുന്നതാണ് നല്ലത്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അവരുടെ കൂടെ നില്‍ക്കുന്നവര്‍ തന്നെ ഈ പദ്ധതിയെ അനുകൂലിച്ചുകൊണ്ടിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി വേണമെന്ന് കെ.വി തോമസ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു, ഇതാണ് നാട്ടില്‍ ഉയര്‍ന്നുവരുന്ന വികാരം’, കോടിയേരി വ്യക്തമാക്കി.
Post Your Comments