ബെയ്ജിങ്: ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതോടെ ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ നഗരമായ ഷാങ്‌ഹായിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളും ഷാങ്ഹായിലാണ്. നഗരത്തിൽ വൻതോതിൽ രോഗബാധയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന്, ആളുകളെ വീടിന് പുറത്തിറങ്ങുന്നതിൽനിന്നും ഭരണകൂടം പൂർണ്ണമായും വിലക്കി.
ജനങ്ങളിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുന്നതിന് ഡ്രോണുകളാണ് അധികൃതർ ഉപയോഗിക്കുന്നത്. വീടുകളിൽ തന്നെ തുടരണമെന്നും ജനൽ തുറക്കുകയോ പാട്ടുപാടുകയോ ചെയ്യരുതെന്നും അധികൃതർ ഡ്രോൺ മുഖാന്തരം നിർദ്ദേശം നൽകുന്നു. ലോക്ക്ഡൗണിലൂടെ കടന്നു പോകുന്ന ഷാങ്ഹായി നഗരത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷാങ്ഹായിലെ തെരുവുകളിൽ മെഗാഫോൺ ഉപയോഗിച്ച് അധികൃതർ നിർദ്ദേശങ്ങൾ നൽകുന്നതിന്റെ വീഡിയോയും വൈറലാണ്. ‘ഇന്ന് രാത്രി മുതൽ, ദമ്പതികൾ വെവ്വേറെ ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, പ്രത്യേകം ഭക്ഷണം കഴിക്കണം’ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് അധികൃതർ നൽകുന്നത്.
Post Your Comments