ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും നടന്നുവരുന്നത്. ഇതേത്തുടർന്ന്, സിപിഎമ്മും ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും വീടുകൾ കയറി കെ റെയിൽ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണത്തിന് ശ്രമിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആലപ്പുഴയിലെ കെ റെയിൽ പദ്ധതി പ്രദേശത്തുള്ള നാട്ടുകാർ.
ബോധവത്കരണത്തിനായി എത്തിയ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ, ‘ബോധവത്കരണത്തിന് ആരും വരരുത്’ എന്ന പോസ്റ്റർ മതിലിൽ പതിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. ചെങ്ങന്നൂർ പുന്തല പ്രദേശത്തുള്ള പത്തോളം കുടുംബങ്ങളാണ് മതിലിൽ പോസ്റ്റർ പതിച്ചത്.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതോടെ മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, പ്രാദേശികമായി തന്നെ കെ റെയിൽ വിരുദ്ധ സമരത്തെ ബോധവത്ക്കരണത്തിലൂടെ നേരിടാൻ സിപിഎം ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാരിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെട്ടിട്ടുള്ളത്.
Post Your Comments