തിരുവനന്തപുരം: മുസ്ലീംലീഗിനെ സ്തുതിച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ഇടതുമുന്നണി നേതാക്കൻമാരുടെ പ്രസ്താവനകൾ കാലത്തിന് അനുസരിച്ചുള്ള കോലംകെട്ടൽ മാത്രമെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ലീഗിനെ വർഗീയ പാർട്ടിയാക്കേണ്ടപ്പോൾ അങ്ങനെയും അല്ലാത്തപ്പോൾ മറിച്ചും ചിത്രീകരിക്കുന്നവരാണ് സിപിഎമ്മുകാർ.
സദ്ദാം ഹുസൈന വരെ വോട്ടിന് വേണ്ടി ഉപയോഗിച്ചവരാണെന്നത് മറക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു. ഭീകരവാദത്തേയും വർഗീയതയേും രാഷ്ട്രീയലാഭത്തിനായി കൂട്ടുപിടിക്കുന്ന അവസരവാദത്തിന്‍റെ അപോസ്തലൻമാരാണ് മാർക്സസിറ്റ് നേതാക്കൻമാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങൾ നിലപാടിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും സിപിഎമ്മിന് അവർ ഉചിതമായ മറുപടി നൽകുമെന്നും വി.മുരളീധരൻ പറഞ്ഞു. ജനങ്ങളോട് പ്രതിബദ്ധതയില്ലെന്നത് സിൽവർലൈൻ പദ്ധതിയിലും എൽഡിഎഫ് സർക്കാർ തെളിയിച്ചതാണ്. ഇല്ലാത്ത പദ്ധതിക്ക് വേണ്ടി മരവിപ്പിച്ച ഭൂമിയുടെ ക്രയവിക്രയങ്ങൾ ഏത് മാഫിയയെ സഹായിക്കാനാണെന്നും മന്ത്രി ചോദിച്ചു. കേന്ദ്രം ഇതുവരെ പദ്ധതിക്ക് അനുകൂലമായി ഒരു നിലപാടും എടുത്തിട്ടില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു
Post Your Comments