തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയ്‌ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഇനിയെങ്കിലും മാസ് ഡയലോഗ് അടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും നരേന്ദ്രമോദി സർക്കാർ അനുവാദം നൽകില്ല എന്നത് നേരത്തെ വ്യക്തമാക്കിയതാണ്.
ജനങ്ങളെ പറ്റിക്കുന്ന പരിപാടി പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് അതിവേഗ ട്രെയിനായ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് വർഷമായി പദ്ധതിയുടെ ഡിപിആർ പൂർത്തിയാക്കാൻ കെ റെയിൽ കോർപ്പറേഷന് സാധിച്ചിട്ടില്ല. പദ്ധതിയുടെ പേരിൽ കണ്ണായ പല സ്ഥലങ്ങളിലും വിലയിടിയാൻ സാധ്യതയുണ്ട്. അതിൽ ആർക്കാണ് ലാഭം ഉണ്ടാകുന്നതെന്നും മന്ത്രി ചോദിച്ചു. കേന്ദ്രസർക്കാരിന്‍റെ പേര് പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി നടപ്പാക്കാം എന്ന് കരുതേണ്ടെന്നും വി.മുരളീധരൻ പ്രതികരിച്ചു.
പത്ത് വോട്ടിന് വേണ്ടി മുസ്ലീംലീഗിനെ വെള്ളപൂശാനാണ് സിപിഎമ്മിന്‍റെ പുതിയ ശ്രമമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതുകൊണ്ട് മാത്രം ലീഗ് വർഗീയ പാർട്ടിയല്ലാതാകില്ല. ലീഗിനെ വെള്ളപൂശാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ഇഎംഎസിനോട് പോയി സഖാക്കൾ മാപ്പ് പറയട്ടെയെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments