മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം ജയം. പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ്, 18.2 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത, 14.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
കൊൽക്കത്തയുടെ മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, 31 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന് റസ്സല്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. സാം ബില്ലംഗിസ് (24) റസ്സലിനൊപ്പം പുറത്താവാതെ നിന്നു. നാല് വിക്കറ്റ് നേടിയ കൊല്‍ക്കത്ത പേസര്‍ ഉമേഷ് യാദവാണ് മത്സരത്തിലെ താരം.
നേരത്തെ, പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 31 റണ്‍സെടുത്ത ഭാനുക രജപക്‌സയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. കഗിസോ റബാദ 25 റണ്‍സെടുത്തു. ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്കിനെ നഷ്ടമായി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. നാലാം ഓവറില്‍ ശിഖര്‍ ധവാനും മടങ്ങി.
Read Also:- ദോഷകരമാകാത്ത രീതിയിൽ എങ്ങനെ പൊറോട്ട കഴിക്കാം?
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് രഹാനെയെ നഷ്ടമായി. അഞ്ചാം ഓവറില്‍ വെങ്കടേഷും മടങ്ങി. ശ്രേയസ് അയ്യര്‍ (26), നിതീഷ് റാണ (0) എന്നിവരുടെ വിക്കറ്റും വേഗത്തിൽ നഷ്ടമായി. ഏഴ് ഓവറില്‍ നാലിന് 51 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരിക്കുകയായിരുന്നു കൊല്‍ക്കത്ത. പിന്നീടാണ്, റസ്സർ ക്രീസിലെത്തി വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ചത്.
Post Your Comments