മഞ്ചേരി : കാറിൽ വ്യാജ ഇന്ത്യൻ കറൻസി കടത്തിയ കേസിൽ ദമ്പതിമാർക്കു കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്)യാണ് പത്തുവർഷം കഠിന തടവും 1,50,100 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. മഹാരാഷ്ട്ര നാഗ്പൂർ ശിവാജി നഗർ കാഞ്ചൻഗീത് അപ്പാർട്ട്മെന്റ് നിധീഷ് കലംകാർ (44), ഭാര്യ പൂനെ ബൂനി സ്പ്രിംഗ് ടൗണ്‍ ജോന ആന്റണി ആൻഡ്രൂസ് (30) എന്നിവരെയാണ് ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്.
Read Also : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
2020 ജനുവരി 15ന് പെരുമ്പടപ്പ് എസ്ഐ ഇ.എ സുരേഷ് ആണ് മാരുതി കാറിൽ 1,18,000 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസിയുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു 2000 രൂപയുടെ നാല്പത്തഞ്ചും 500 രൂപയുടെ അമ്പത്തിരണ്ടും വ്യാജ കറൻസികളുമാണ് പിടികൂടിയത്.
വ്യാജ കറൻസികൾ നിർമിക്കുന്നതിനായി പ്രതികൾ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, പ്രിന്റർ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട ദമ്പതിമാർ ജാമ്യത്തിലിറങ്ങിയിട്ടില്ലായിരുന്നു. റിമാൻഡിൽ കഴിഞ്ഞ കാലയളവ് ശിക്ഷയായി പരിഗണിക്കുമെന്നും കോടതി വിധിയിൽ പറയുന്നു.
Post Your Comments