തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാനുള്ള അടവാണ് മദ്യനയമെന്ന് കെ സുധാകരൻ പറഞ്ഞു. ഈ അവസ്ഥയാണ് തുടരുന്നതെങ്കിൽ വീടുകളും ഓഫീസും വരെ അവർ ബാറുകളാക്കുമെന്നും, അഴിമതിയിൽ കേരളം മുങ്ങിപ്പോകുമെന്നും കെ സുധാകരൻ പറഞ്ഞു.
‘മദ്യമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം. കഴിഞ്ഞ വര്‍ഷം മദ്യത്തില്‍ നിന്നും ഇന്ധന വില്‍പ്പനയില്‍ നിന്നും 22,962 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 55 ശതമാനം മദ്യത്തില്‍ നിന്നും 45 ശതമാനം ഇന്ധനത്തില്‍ നിന്നുമാണ്. മദ്യം വ്യാപകമാകുമ്പോൾ കൂടുതല്‍ വരുമാനം ലഭിക്കും. പുതിയ മദ്യശാലകള്‍ തുറക്കാന്‍ കോടികളാണ് വാരിവിതറുന്നത്’, സുധാകരന് വിമർശിച്ചു.
അതേസമയം സർക്കാരിന്റെ നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച് കോൺഗ്രസിലെ പല നേതാക്കളും രംഗത്തെത്തി. സര്‍ക്കാരിനു തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്നും പുതിയ മദ്യനയം സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിലക്കയറ്റം രൂക്ഷമായപ്പോള്‍ ബസ്, ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ മേല്‍ അധികഭാരമുണ്ടാക്കുമെന്നും, പഠിക്കാതെയാണ് നിരക്ക് വര്‍ധന വരുത്തിയതെന്നും സതീശൻ വിലയിരുത്തി.
Post Your Comments