കൊച്ചി: ജെസ്ന ജെയിംസിനെ കാണാതായിട്ട് നാല് വര്‍ഷം പിന്നിട്ടിട്ടും, അന്വേഷണ സംഘത്തിന് ഒരു തുമ്പ് പോലും കണ്ടെത്താനാകാത്തത് വലിയ തലവേദനയാകുന്നു. ഇതിനിടെ, ജെസ്ന ജെയിംസിനായി സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രദേശികമായിട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്. 2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയയെ (20) കാണാതാകുന്നത്. അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്, 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.
സിബിഐ കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തിനു ശേഷമാണ്, ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കേസ് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇന്റര്‍പോളിന് യെല്ലോ നോട്ടീസ് നല്‍കിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. കേസിലേക്ക് സഹായകരമായ വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചാല്‍ അറിയിക്കണമെന്നും, വിവരങ്ങള്‍ നല്‍കുന്നവരെ കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ജെസ്നയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളുമാണ് നോട്ടീസിലുള്ളത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു ജെസ്ന. കാണാതായ ദിവസം, മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. മകള്‍ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി.
മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടര്‍ന്ന് സഹപാഠിയെ ചോദ്യം ചെയ്തെങ്കിലും, സംഭവത്തില്‍ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട്, ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്ന പോയതായി സിസി ടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.
ജെസ്നയെന്നു കരുതുന്ന പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇന്നും അറിയില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടി. ജെസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Post Your Comments