പാലക്കാട്: രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ വ്യാപകമായ അതിക്രമങ്ങളാണ് നടക്കുന്നത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. സമരമുഖത്തുള്ള പലർക്കും പണിമുടക്കിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല എന്നുള്ളതാണ് വാസ്തവം. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
‘രണ്ടു ദിവസത്തെ ദേശീയ കേരളാ പണിമുടക്ക് എന്തിനെന്ന കാര്യത്തിൽ എൽഡിഎഫ് കൺവീനർ ശ്രീമാൻ എ വിജയരാഘവനും ഈ സഹോദരനും ഒരേ ജ്ഞാനവും ഉത്തമ ബോധ്യവുമാണ്’ എന്ന്, പണിമുടക്ക് എന്തിനെന്ന ചോദ്യത്തിന് ഉത്തരം പറയാൻ ബുദ്ധിമുട്ടുന്ന പാർട്ടി പ്രവർത്തകന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സമരാനുകൂലികളേ, നിങ്ങൾ ഈ സഹോദരനെ മാതൃകയാക്കണം.
രണ്ടു ദിവസത്തെ ദേശീയ കേരളാ പണിമുടക്ക് എന്തിനെന്ന കാര്യത്തിൽ എൽഡിഎഫ് കൺവീനർ ശ്രീമാൻ എ വിജയരാഘവനും ഈ സഹോദരനും ഒരേ ജ്ഞാനവും ഉത്തമ ബോധ്യവുമാണ് ഉള്ളതെന്നാണ് എന്റെയൊരിത്. എന്നാലും നാം കണ്ട മിക്ക സമരാനുകൂലികളിൽ നിന്നും വ്യത്യസ്തമായി, എത്ര സുന്ദരമായാണ് ഈ സഹോദരൻ ആൾക്കാരോട് സംവദിക്കുന്നത്. ഭീഷണിപ്പെടുത്തലില്ല, അക്രമ വാസനയില്ല, ആക്രോശങ്ങളില്ല. തികച്ചും സൗഹൃദപരമായ പെരുമാറ്റം, അങ്ങേയറ്റം മാന്യമായ അഭ്യർത്ഥന, ചോദ്യങ്ങളെ നേരിടാനുള്ള പക്വത, കാര്യങ്ങൾ വിശദീകരിക്കാനുള്ള സൗമനസ്യം, ഹൃദയാകർഷകമായ പുഞ്ചിരി ഒക്കെയും അംഗീകരിക്കപ്പെടേണ്ടതു തന്നെ. പിന്നെ, മറ്റൊരു വാഹനത്തിന്റെ ഹോൺ പെട്ടെന്നു മുഴങ്ങിയപ്പോൾ അദ്ദേഹത്തിന് പൊടുന്നനെ രംഗം വിടേണ്ടിവന്നു എന്നുമാത്രം.
വഴിതടയാനോ വാഹനത്തിന്റെ കാറ്റഴിച്ചു വിടാനോ ആൾക്കാരെ ആക്രമിക്കാനോ ഒന്നും ശ്രമിക്കാത്ത ഈ സഹോദരൻ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെന്നല്ല, നാട്ടിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മാതൃകയാണ്. അതിനെക്കുറിച്ച് ഞാൻ കൂടുതൽ വിശദീകരിക്കാം. ഇന്നത്തെ… അങ്ങേയറ്റം പ്രക്ഷുബ്ധമായ… സാമൂഹ്യാന്തരീക്ഷത്തിൽ… നമ്മുടെ യുവത്വം… ഏ?… എന്താ?… ഞാനോ?… ഒരീൻറ്റേ…
Post Your Comments