KeralaLatest NewsNewsInternational

‘അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം’: ബോഡി ഷെയിമിങ് വെറും തമാശയല്ലേ എന്ന് ന്യായീകരിക്കുന്നവരോട് മൃദുലയ്ക്ക് പറയാനുള്ളത്

ഓസ്കാർ വേദിയിലെ വിൽ സ്മിത്തിന്റെ തല്ല് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ പല രീതിയിൽ ചർച്ചയാക്കുകയാണ്. സ്മിത്തിന്റെ തല്ലിലെ ശരി, തെറ്റുകളെ കുറിച്ച് പ്രമുഖകരടക്കമുള്ളവർ പ്രതികരിച്ചു. മലയാളികളും ഈ വിഷയം കാര്യമായി തന്നെ ചർച്ച ചെയ്തു. ഇപ്പോഴിതാ, 2022 ലെ ഓസ്കാർ വേദിയെ ലോകം ഓർക്കാൻ പോകുന്നത്, മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരം നേടിയ വിൽ സ്മിത്തിൽ നിന്ന് ക്രിസ് റോക്ക് എന്ന അവതാരകന് കിട്ടിയ കരണത്തടിയുടെ പേരിൽ ആയിരിക്കുമെന്ന് കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പൽ ആയ മൃദുല രാമചന്ദ്രൻ പറയുന്നു. ‘അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം’ എന്ന പഴഞ്ചൊല്ലിനെ ഓർമിപ്പിക്കും വിധമാണ് പലരുടെയും പ്രതികരണങ്ങൾ.

ഓസ്കാർ പോലെ അതി കുലീനമായ ഒരു വേദിയിൽ വച്ച് അവതാരകനെ തല്ലേണ്ട ആവശ്യമുണ്ടായിരുന്നോ സ്മിത്തിന്? ഒരു തമാശ, അതിപ്പോ ക്രൂരമായി പോയാലും ഒരാളെ തല്ലാമോ? എന്നൊക്കെയുള്ള വാദ പ്രതിവാദങ്ങൾ ഉയരുന്നുണ്ട്. ബോഡി ഷെയിമിങ് എന്നാൽ, ‘അതൊക്കെ വെറും ഒരു തമാശയല്ലേ, അങ്ങനെ കണ്ടാൽ പോരേ’ എന്ന് കരുതുന്നവരുടെയൊക്കെ മുഖത്താണ് വിൽ സ്മിത്ത് ആഞ്ഞടിച്ചതെന്ന് മൃദുല പറയുന്നു. ഒളിംപിക്‌സ് ട്രാക്കിൽ ഭാരതത്തിന്റെ സാന്നിധ്യം അറിയിച്ച പി.ടി. ഉഷ മുതൽ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമ വരെ ബോഡി ഷെയിമിങ്ങിന് വിധേയരായിട്ടുണ്ടെന്ന് മൃദുല ചൂണ്ടിക്കാട്ടുന്നു.

മൃദുല രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സുന്ദരികളും, സുന്ദരന്മാരും ആയ പ്രിയപ്പെട്ട മനുഷ്യരെ….

രണ്ടായിരത്തി ഇരുപത്തി രണ്ടിലെ ഓസ്കാർ വേദിയെ ലോകം ഓർക്കാൻ പോകുന്നത് മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരം നേടിയ വിൽ സ്മിത്തിൽ നിന്ന് ക്രിസ് റോക്ക് എന്ന അവതാരകന് കിട്ടിയ കരണത്തടിയുടെ പേരിൽ ആയിരിക്കും. അലപേഷ്യ എന്ന രോഗത്താൽ മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയുള്ള സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്റിനെ പറ്റി ക്രിസ് റോക്ക് നടത്തിയ അനവസരത്തിൽ ഉള്ള, അനൗചിത്യകരമായ ഒരു തമാശയാണ് സ്മിത്തിനെ പ്രകോപിപ്പിച്ചത്.തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് ചെന്ന സ്മിത്ത് അവതാരകന്റെ മുഖത്ത് അടിച്ചു.ശേഷം തിരിച്ചു കസേരയിൽ വന്നിരുന്ന് “എന്റെ ഭാര്യയുടെ പേര് നിന്റെ നാവു കൊണ്ട് ഉച്ചരിക്കരുത്” എന്ന് ആക്രോശിച്ചു.

“അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം” എന്ന് മലയാളത്തിൽ ഒരു പഴമൊഴിയുണ്ട്.അതിനാൽ തന്നെ ഓസ്കാർ പോലെ അതി കുലീനമായ ഒരു വേദിയിൽ വച്ച് അവതാരകനെ തല്ലേണ്ട ആവശ്യമുണ്ടായിരുന്നോ സ്മിത്തിന്, ഒരു തമാശ, അതിപ്പോ ക്രൂരമായി പോയാലും ഒരാളെ തല്ലാമോ എന്നൊക്കെയുള്ള വാദ പ്രതിവാദങ്ങൾ തീർച്ചയായും ഉണ്ടാകും. പക്ഷെ, ബോഡി ഷെയിമിങ് എന്നാൽ “ഓ, അതൊക്കെ വെറും ഒരു തമാശയല്ലേ, അങ്ങനെ കണ്ടാൽ പോരേ” എന്ന് കരുതുന്നവരുടെയൊക്കെ മുഖത്താണ് ഇന്നലെ വിൽ സ്മിത്ത് അടിച്ചത്.ബോഡി ഷെയിമിങ്ങിനെക്കാൾ ഒരു പടി കൂടി കടന്ന്, ഒരു വ്യക്തി അനുഭവിക്കുന്ന രോഗാവസ്ഥയെ ആണ് അവതാരകൻ നിഷ്ട്ടുരം ഒരു തമാശ ആക്കിയത്. പരിഹാരമില്ലാത്ത ഒരു രോഗാവസ്ഥയോട് നിരന്തരം പൊരുതുന്നവർക്ക് ഇങ്ങനെയുള്ള തമാശകൾ ആസ്വദിക്കുക എന്നത് അത്ര എളുപ്പമാവില്ല.

ബോഡി ഷെയിമിങ് വെറും തമാശയാണ് എന്ന് കരുതുന്ന ധാരാളം ആളുകൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട് എന്നുള്ളത് വേദനിപ്പിക്കുന്ന, അപ്രിയമായ സത്യമാണ്.ഈ ലോകത്ത് ഒരു മനുഷ്യനും സ്വന്തം ശരീരത്തെ, അതിന്റെ ഘടനയെ, നിറത്തെ, അതിനെ ബാധിക്കുന്ന രോഗങ്ങളെ, അവസ്ഥകളെ തിരഞ്ഞെടുക്കുന്നതിൽ യാതൊരു പങ്കും ഇല്ലെന്ന അറിവ് വളരെ അനായാസമായി ഉണ്ടാകുന്നതാണ് എന്നിരിക്കെ, ഇതിന്റെയൊക്കെ പേരിൽ മനുഷ്യരെ കളിയാക്കരുത് എന്ന തിരിച്ചറിവ് ഉണ്ടാകാൻ എത്ര കാലം വേണ്ടി വരും ? അതിൽ ഉപരി ഒരു മനുഷ്യന്റെ സ്വഭാവം, വസ്ത്രധാരണം, സംസാരം , ഭക്ഷണ ശൈലി എന്നിങ്ങനെ എല്ലാത്തിലും കയറി സ്വന്തം അഭിപ്രായ പ്രകടനം നടത്തുന്നത് എത്ര അരോചകമാണ് എന്ന് മനുഷ്യർക്ക് മനസിലാക്കാൻ എന്തു കൊണ്ടാണ് ഇത്ര പ്രയാസമെന്നതും ആലോചിച്ചാൽ തിരിഞ്ഞു കിട്ടാൻ ബുദ്ധിമുട്ടുള്ള വിഷയമാണ്.ഒരാളെ അയാൾ ആയിത്തന്നെ സ്വീകരിക്കാനും, അംഗീകരിക്കാനും പരിഷ്‌കൃത മനുഷ്യ സമൂഹം എന്ന് അഭിമാനിക്കുന്ന നമ്മൾ എന്തിനാണ്, എന്തു കൊണ്ടാണ് ഇത്ര മടിക്കുന്നത് ?

“അർദ്ധ നഗ്നനായ ഫക്കീർ” എന്ന് ഗാന്ധിജിയുടെ വസ്ത്രധാരണ രീതിയെ പരിഹസിച്ചു കൊണ്ട് വിളിച്ചതാണ് വിൻസ്റ്റൻ ചർച്ചിൽ. ലോകം ആദരിക്കുന്ന സാമൂഹിക പ്രവർത്തക ദയാ ബായിയെ ,പാതിരാത്രി ബസിൽ നിന്ന് ഇറക്കി വിട്ടത്, അവർ ധരിച്ചിരുന്നത് ഇന്ത്യയിലെ സാധാരണ സ്ത്രീകൾ ധരിക്കുന്ന വേഷം ആയതു കൊണ്ടും, പിന്നെ ഒരു പക്ഷെ അവർ സാധാരണ മനുഷ്യർ സഞ്ചരിക്കുന്നത് പോലെ ബസ്സിൽ സഞ്ചരിച്ചത് കൊണ്ടുമാണ്. വിശിഷ്ട്ട വ്യക്തികൾ കെ.എസ്.ആർ.ടി.സി ബസ്സിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുക എന്നത് നമ്മുടെ പൊതുബോധത്തിന് നിരക്കുന്ന ഒന്നല്ലല്ലോ. ഒളിംപിക്‌സ് ട്രാക്കിൽ ഭാരതത്തിന്റെ സാന്നിധ്യം അറിയിച്ച പി.ടി. ഉഷ മുതൽ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമ വരെ ബോഡി ഷെയിമിങ്ങിന് വിധേയർ ആയിട്ടുണ്ട്.തങ്ങളുടെ ഉൾക്കരുത്ത് കൊണ്ടും, ആത്‍മവിശ്വാസം കൊണ്ടും, കുടുംബവും, കൂട്ടുകാരും നൽകുന്ന പിൻതുണ കൊണ്ടും ചിലർ അതിനെ ധൈര്യത്തോടെ നേരിടും, തിരിച്ചു പൊരുതും.പക്ഷെ അധികം പേരും ഈ അധിക്ഷേപങ്ങൾക്ക് മുന്നിൽ തളർന്ന്, ആത്മവിശ്വാസം നഷ്ട്ടപെട്ടവർ ആയി കനത്ത നോവിന്റെ തോടിനുള്ളില്ലേക്ക് വലിയാറുണ്ട്.അപൂർവം ചിലർ, ഈ ആത്മ ധ്യാനങ്ങൾക്ക് ഒടുവിൽ തോട് പൊട്ടിച്ച് ഒരു ചിത്രശലഭത്തിന്റെ ഭംഗിയോടെ ആത്മവിശ്വാസത്തിന്റെ, സ്വയം സ്നേഹിക്കലിന്റെ ആകാശങ്ങളിലേക്ക് പറന്നുയരാറും ഉണ്ട്.ഏറ്റവും സുന്ദരമായ ഒരു കാഴ്ചയാണ് അത്.

ജാഡ പിങ്കെറ്റിനെ പറ്റി ക്രിസ് റോക്ക് ആദ്യം പറയുമ്പോൾ സ്മിത്തും, ജാഡയും ചിരിക്കുന്നത് ആണ് വീഡിയോയിൽ കാണുന്നത്.പിന്നെയാണ് പൊടുന്നനെ സ്മിത്ത് എഴുന്നേറ്റ് വേദിയിലേക്ക് നടക്കുന്നത്.സ്വന്തം ശരീരത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെടുന്ന അധികം പേരും പുറത്തേക്ക് കാഴ്ച്ച വയ്ക്കുന്ന പൊള്ളചിരിയാണത്, അകം കണ്ണീർ വീണ് പൊള്ളുകയായിരിക്കും. എല്ലാവരും കാൺകെ കരയാൻ പാടില്ല എന്ന അലിഖിത നിയമം കാരണം , ആ കണ്ണീരിനെ ഒളിപ്പിക്കാൻ വേണ്ടി എത്ര പാടുപെട്ടാണ് ആ ചിരിയുണ്ടാക്കുന്നത് എന്ന് ഒരിക്കൽ അങ്ങനെ പുറത്തു ചിരിച്ചു കൊണ്ട് ഉള്ളിൽ കരഞ്ഞവർക്ക് അറിയാം. നമ്മുടെ താല്പര്യത്തെ മുൻനിർത്തിയുള്ള സ്നേഹം നിറഞ്ഞ ഉപദേശങ്ങളുടെയോ, തീർത്തും നിർദോഷകരമായ തമാശകളുടെയോ രൂപത്തിൽ ആണ് ബോഡി ഷെയിമിങ് മിക്കപ്പോഴും അരങ്ങേറുക.”ഇങ്ങനെ തടിച്ചുരുണ്ടാൽ നിന്നെ ആരാണ് കല്യാണം കഴിക്കുക” എന്ന വേവലാതി, “ഇത്ര മെലിഞ്ഞു എല്ലിച്ചിരുന്നാൽ വല്ല അസുഖവും വരില്ലേ” എന്ന കരുതൽ, “ഈ മുഖത്ത് നിറച്ചും കുരുവാണല്ലോ, ഇത്തിരി മഞ്ഞൾ തേച്ചു കൂടെ” എന്ന ഉപദേശം, “മുടി ഒക്കെ കൊഴിഞ്ഞു കണ്ടാൽ കോഴിപ്പൂട പോലെ ആയല്ലോ” എന്ന തമാശ, “ഇവിടെ വെള്ളപ്പൊക്കം ഒന്നുമില്ല, ഈ സാരി ഇത്തിരി താഴ്ത്തി ഉടുത്തു കൂടേ” എന്ന അല്പം കൂടി ഉയർന്ന തലത്തിൽ ഉള്ള തമാശ, “നിന്റെ ഭർത്താവിന്റെ വീട്ടിൽ നിനക്ക് തിന്നാൻ ഒന്നും കിട്ടുന്നില്ലേ, വെള്ളരി കണ്ടത്തിലെ കോലം പോലെ ആയല്ലോ” എന്ന തമാശയുടെ അങ്ങേ അറ്റം.കല്യാണം, വീട് കൂടൽ, കുടുംബ സംഗമം എന്ന് തുടങ്ങുന്ന അവസരങ്ങൾ ആണ് ഇത്തരം ഉപദേശ-തമാശകൾ അരങ്ങേറുന്ന വേദികൾ.
ഈ ഉപദേശികളും, തമാശക്കാരും പക്ഷെ നിഷ്കർഷയോടെ അജ്ഞത പാലിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.നമുക്ക് കിട്ടിയ ജോലിക്കയറ്റത്തെപ്പറ്റി, നമ്മൾ നേടിയ പുതിയ ബിരുദത്തെപ്പറ്റി, നമ്മുടെ കുട്ടികൾക്ക് കിട്ടിയ നല്ല മാർക്കിനെ പറ്റി, എന്തിന് ഫേസ്ബുക്കിൽ അത്യാവശ്യം ലൈക്ക് നേടിയ നമ്മുടെ ഒരു പോസ്റ്റിനെയോ, ഫോട്ടോയെയോ പറ്റി വരെ ഇവർ ഒക്കെ വളരെ നിഷകളങ്കമായ വിധത്തിൽ അറിവില്ലാത്തവർ ആയിരിക്കും.നമ്മുടെ ശരീരം, സാരി, പൊട്ട്, മുടി, പല്ല്, നിറം, മുഖക്കുരു തുടങ്ങിയ ചില പ്രത്യേക കാര്യങ്ങളിൽ മാത്രമാണ് ഇവരുടെ ശ്രദ്ധ.

ഈ തമാശക്കും, ഉപദേശത്തിനും ഒടുക്കം സഹികെട്ട് നമ്മൾ എപ്പോളെങ്കിലും ഒന്നു പ്രതികരിച്ചു എന്നിരിക്കട്ടെ, -“ഞാൻ ഒരു തമാശ പറഞ്ഞതിനാണോ നീ എന്നെ ഇങ്ങനെ ഒക്കെപ്പറഞ്ഞത് ” എന്നോ, “നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഞാൻ പറഞ്ഞത്, അതിനെ നീ ഇത്ര തെറ്റായിട്ടാണോ എടുത്തത്” എന്നോ പറഞ്ഞു തൊണ്ടയിടറി , കരഞ്ഞു നമ്മളെ കൂടി ആശയകുഴപ്പത്തിൽ ആക്കും, നമ്മളിൽ കുറ്റബോധം കൂടി നിർമിക്കും. ജീവിതത്തിൽ, പ്രത്യേകിച്ചും ബാല്യ-കൗമാരങ്ങളിൽ അനുഭവിച്ച ബോഡി ഷെയിമിങ്ങിന്റെ ഫലമായി ജീവിതം മുഴുവൻ അപകർഷതാ ബോധത്തിന് അടിമപ്പെട്ട്, ട്രോമ അനുഭവിക്കുന്ന എത്രയോ പേർ നമുക്കിടയിൽ ഉണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും അതിനോട് പൊരുതുന്ന എത്രയോ പേരുണ്ട്.നാം അറിയാത്ത, അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ ആയിരിക്കാം.പക്ഷെ അറിയാത്ത , അനുഭവിക്കാത്ത വേദനകളെ കളിയാക്കരുത്.ആക്കിയാൽ, ചിലപ്പോൾ കരണം നോക്കി അടിയും കിട്ടും. മുൻപിൽ നിൽക്കുന്നവരെ വിധിക്കാതെ, അവരെ അവർ ആയി അംഗീകരിച്ചു കൊണ്ട്, ആദരിച്ചു കൊണ്ട് ,കഴിയുമെങ്കിൽ സ്നേഹിച്ചു കൊണ്ട് നമുക്ക് മനുഷ്യർ ആയിരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button