മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ യുവ താരം ആയുഷ് ബദോനി. ഗുജറാത്തിനെതിരായ മത്സരത്തിൽ 41 പന്തില്‍ 54 റൺസാണ് ബദോനി നേടിയത്. അഞ്ചാമനായി ക്രീസിലെത്തിയ ബദോനി ആദ്യത്തെ 22 പന്തിൽ 13 റൺസ് മാത്രമായിരുന്നു സ്വന്തമാക്കിയത്. പിന്നീട്, സൂപ്പർ സ്പിന്നർ റാഷിദ് ഖാനെയും, ലോക്കി ഫെര്‍ഗ്യൂസനെയും അടക്കം സിക്സര്‍ പറത്തി 50 കടക്കുകയായിരുന്നു.
ശ്രീവത്സ് ഗോസ്വാമി, ദേവ്ദത്ത് പടിക്കൽ എന്നിവരാണ് ഇതിന് മുമ്പ്, ഐപിഎല്‍ അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി നേടിയവര്‍. 2018ലെ അണ്ടര്‍ 19 ഏഷ്യ കപ്പില്‍ തിളങ്ങിയ ആയുഷിന് ലോകകപ്പ് ടീമിലെത്താന്‍ കഴിഞ്ഞിരുന്നില്ല. താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ബദോനിയെ ലഖ്‌നൗ സ്വന്തമാക്കിയത്. സമ്മര്‍ദ്ദം കാരണം, മത്സരത്തലേന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ബദോനി മത്സരശേഷം പറഞ്ഞു.
Read Also:- ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ പോർച്ചുഗൽ ഇന്നിറങ്ങും
എന്നാൽ, സീസണിലെ ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് പരാജയം. ലഖ്‌നൗവിന്റെ 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് രണ്ട് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ തിവാട്ടിയയുടെയും ഏഴ് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്ന അഭിനവ് മനോഹറിന്‍റെയും മികച്ച പ്രകടനമാണ് ടൈറ്റന്‍സിനെ ജയത്തിലേക്ക് നയിച്ചത്.
Post Your Comments