രാജ്യസഭയിലേക്ക്, കേരളത്തിൽ നിന്നുള്ള മൂന്ന് ഒഴിവുകളിലേക്ക് ജെബി മേത്തർ (കോൺഗ്രസ്), എ.എ. റഹീം (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ) എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 42 വർഷത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ നിന്നും ഒരു വനിത രാജ്യ സഭയിൽ എത്തുന്നുവെന്ന ചരിത്രപ്രാധാന്യമാണ് ജെബി മേത്തർ സ്വന്തമാക്കിയത്. എന്നാൽ, മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായ ജെബിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സമയത്ത് കോൺഗ്രസിൽ തന്നെ കലാപം ഉയർന്നിരുന്നു.
എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ആണ് ജെബി മേത്തറിന് അനുകൂലമായി വന്നത്. കെസി വേണുഗോപാൽ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തിയതായും ജെബിയുടെ സ്ഥാനാർത്ഥിത്വം പെയ്ഡ് പോസ്റ്റാണെന്നും ആരോപണം ഉയർന്നിരുന്നു.
രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ സ്വത്തുവകകളില്‍ മുമ്പിൽ നിൽക്കുന്നതും കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ തന്നെയാണ്. ജെബി മേത്തര്‍ക്ക് 11.14 കോടി വിലമതിക്കുന്ന കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ട്. 87,03,200 രൂപ വിലമതിക്കുന്ന ആഭരണവും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും സ്വന്തം പേരിലുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൂടാതെ, 75 ലക്ഷം രൂപ വിലമതിക്കുന്ന വീട് ജെബി മേത്തര്‍ക്ക് സ്വന്തം പേരിലുണ്ട്. പതിനായിരം രൂപ കൈവശമുണ്ട്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. ഭര്‍ത്താവിന് 41 ലക്ഷം വിലയുള്ള 2017 മോഡല്‍ മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും എറണാകുളം ബ്രോഡ്‌വേയിലെ ഫെഡറല്‍ ബാങ്കില്‍ 12570 രൂപയുമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
Post Your Comments