ദുബായ്: ദുബായിലെ പാർക്കിങ് സോണുകളിൽ ഇനി മുതൽ ഞായറാഴ്ച്ചകളിൽ സൗജന്യ പാർക്കിങ്. വെള്ളിയാഴ്ചകളിൽ ഇനി മുതൽ പാർക്കിങിന് പണം നൽകണം. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രമേയം പുറത്തിറക്കിയത്. പൊതു അവധി ദിനങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും.
തിങ്കൾ മുതൽ ശനി വരെയുളള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് 10 വരെ 14 മണിക്കൂർ സമയം പാർക്കിങ്ങിനു പണം അടക്കണമെന്നാണ് പുതിയ പ്രമേയത്തിൽ പറയുന്നത്. ബഹുനില പാർക്കിങ് സൗകര്യങ്ങളിൽ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പാർക്കിങ് ഫീസ് ഈടാക്കും. വഴിയരികിലുള്ള പാർക്കിങ് സ്ലോട്ടുകളിൽ തുടർച്ചയായി നാലു മണിക്കൂർ മാത്രമേ പാർക്കിങ് അനുവദിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ വാരാന്ത്യ അവധി ശനി- ഞായർ ദിവസങ്ങളിലേക്കു മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also: മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിൽ തറാവീഹ് നമസ്‌കാരം ഉണ്ടാകില്ല: അറിയിപ്പുമായി കുവൈത്ത്
Post Your Comments