തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കെ റെയിൽ സമരം കത്തുകയാണ്. സർവ്വേയുടെ ഭാഗമായി, കെ റെയിൽ പാതയിൽ വരുന്ന വീടുകളും കെട്ടിടങ്ങളും അടക്കമുള്ള ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി, വീടിന്റെ അടുക്കളയിലും നടുമുറ്റത്തും അതിരടയാള കല്ലുകൾ നാട്ടുകയാണ് പോലീസും സംഘവും. കുറ്റിയിടാനും പറിച്ച് മാറ്റാനും ആളുകളുണ്ട്. പറിച്ച് മാറ്റുന്നതിനനുസരിച്ച് കുറ്റികൾ വീണ്ടും നാട്ടും. വീട്ടുകാരും നാട്ടുകാരും അടങ്ങുന്ന പ്രതിഷേധക്കാർ ഈ കുറ്റി വീണ്ടും പറിച്ച് മാറ്റും. ഈ കലാപരിപാടികൾ കുറച്ച് ദിവസമായി തുടങ്ങിയിട്ട്.
പറിച്ച് മാറ്റുന്ന കുറ്റികൾ ചിലർ പോലീസിനെ സാക്ഷിയാക്കി വാഹനങ്ങളിൽ കൊണ്ടിടും. മറ്റ് ചിലർ ആറ്റിലും കുളത്തിലും തള്ളും. ഏതായാലും കുറ്റി പറിക്കലിന് യാതൊരു കുറവുമില്ല. എന്നാൽ, ഈ കുറ്റികളൊക്കെ എവിടെ നിന്നാണ് എത്തുന്നത് എന്നറിയാമോ?. കുറ്റി പിഴുതെറിയുന്നതിന്റെ വാർത്ത വന്നതോടെ, എത്ര പിഴുതെറിഞ്ഞാലും പ്രശ്നമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. അതെന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നത്, ഈ കുറ്റി വരുന്ന വഴി തിരിച്ചറിയുമ്പോഴാണ്. സംഭവം മറ്റൊന്നുമല്ല, അദ്ദേഹത്തിന്‍റെ സ്വന്തം നാട്ടിൽ ഇഷ്ടം പോലെ കുറ്റികളുണ്ട്.
ആറായിരത്തിലധികം കുറ്റിയാണ് റെഡിയായി നിൽക്കുന്നത്. പറിച്ച് കളയുന്നതിനനുസരിച്ച് പുതിയ കുറ്റികൾ നിർമിക്കുകയാണ്. ഏച്ചൂരിലെ ഒരു സ്വകാര്യ സ്ഥാപനമാണ് കെ റെയിലിനായുള്ള കുറ്റികൾ തയ്യാറാക്കുന്നത്. ഉദ്യോഗസ്ഥർ പറഞ്ഞ് നൽകിയതിനനുസരിച്ച് കൃത്യമായ വലിപ്പവും വീതിയുമെല്ലാമുള്ള കുറ്റികളാണ് ഇവിടെ നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ കെ റെയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. ഒരു കുറ്റിക്ക് 500 രൂപയോളം ചെലവ് വരും. ആയിരത്തഞ്ഞൂറ് കുറ്റികൾ ഇവിടെ നിന്ന് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി.
Post Your Comments