മോസ്കോ: ഉക്രൈൻ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് റഷ്യ. അടുത്ത ഘട്ടത്തിൽ കിഴക്കൻ ഉക്രൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഉക്രൈന്റെ സൈനികശേഷി വലിയ രീതിയിൽ കുറയ്ക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്ന് റഷ്യ അവകാശപ്പെട്ടു. ഉക്രൈൻ വ്യോമസേനയെയും, വ്യോമപ്രതിരോധ സേനയെയും തകർത്തതായും നാവിക സേനയെ ഇല്ലാതാക്കിയെന്നും റഷ്യൻ സൈന്യം പ്രഖ്യാപിച്ചു.
Also read: എത്ര തവണ എംഎൽഎ ആയാലും ഒരു ടേർമിലെ പെൻഷൻ മാത്രമേ കൊടുക്കൂ: നൂതന ആശയത്തിലൂടെ കോടികൾ ലാഭിക്കാൻ പഞ്ചാബ്
ലുഹാൻസ്ക് ഡോൺബാസ് പ്രദേശത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം കൈക്കലാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഇപ്പോൾ ലുഹാൻ ഒബ്ലാസ്റ്റിന്റെ 93 ശതമാനം പ്രദേശവും റഷ്യൻ പിന്തുണയുള്ള ഉക്രൈൻ വിമതരുടെ നിയന്ത്രണത്തിലാണ്. ഡോൺബാസ്കിന്റെ 54 ശതമാനം പ്രദേശവും ഇവർ കീഴടക്കി കഴിഞ്ഞു. മരിയുപോളിനായുള്ള യുദ്ധവും തുടരുകയാണ്. ക്രിമിയയിൽ നിന്ന് ലുഹാൻസ്ക് ഡോൺബാസ്ക് പ്രദേശം വരെയുള്ള കരപ്രദേശവും അസോവ് കടലും പൂർണ്ണമായി കീഴടക്കാനാണ് റഷ്യ ശ്രമിക്കുന്നത്. സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നും, പരമാവധി നാശനഷ്ടം ഒഴിവാക്കാൻ ശ്രമിച്ചെന്നും റഷ്യ ആവർത്തിച്ചു.
ഉക്രൈനിലെ സൈനിക നടപടിയിൽ ഉണ്ടായ മരണങ്ങളെ കുറിച്ചും റഷ്യ പുതിയ കണക്കുകൾ പുറത്തുവിട്ടു. 1351 സൈനികർ ഇതുവരെ കൊല്ലപ്പെട്ടെന്നും, 3825 പേർക്ക് പരിക്കേറ്റെന്നും റഷ്യയുടെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
Post Your Comments