
ന്യൂഡൽഹി: ഉക്രൈൻ – റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലക്ഷക്കണക്കിന് ഉക്രൈൻ ജനതയാണ് ദുരിതക്കയത്തിലായത്. ചിലർ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ചിലർ മറ്റ് രാജ്യങ്ങളിൽ കഴിയുന്ന പ്രിയപ്പെവരുടെ അടുത്തേക്ക് മടങ്ങി. അത്തരത്തിൽ, പ്രിയപ്പെട്ടയാളെ തിരഞ്ഞ് ഒരു ഉക്രേനിയൻ വനിത ഇന്ത്യയിലെത്തി. യുദ്ധത്തെ തുടർന്ന് ഉക്രൈനിലെ വീട്ടിൽ നിന്നും പലായനം ചെയ്ത അന്ന ഹൊറോഡെറ്റ്‌സ്ക എന്ന യുവതിയാണ് തന്റെ കാമുകനെ തേടി ഇന്ത്യയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ, അവൾക്കായി കാമുകൻ അനുഭവ് ഭാസിൻ കരുതിയിരുന്ന സർപ്രൈസ് കണ്ട് യുവതി ആശ്ചര്യപ്പെട്ടു.
വിമാനത്താവളത്തിൽ, ഹൊറോഡെറ്റ്‌സ്‌കയെ സ്വാഗതം ചെയ്യാൻ കാമുകൻ അനുഭവ് ഭാസിൻ എത്തിയിരുന്നു. തന്നെ തേടിയെത്തിയ പ്രിയതമയെ വിവാഹമോതിരവുമായാണ് അനുഭവ് സ്വീകരിച്ചത്. കരഞ്ഞുകലങ്ങിയ കണ്ണുമായി വിമാനത്താവളത്തിലെത്തിയ അന്നയ്ക്ക് മുന്നിൽ അനുഭവ് മുട്ടുകുത്തിയിരുന്ന് വിവാഹാഭ്യർത്ഥന നടത്തി. റഷ്യ-ഉക്രൈൻ യുദ്ധം അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയപ്പോഴും, തന്റെ പ്രിയതമനെ കാണാനാകുമെന്ന പ്രതീക്ഷ അന്ന കൈവിട്ടിരുന്നില്ല. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ഏറെ ദുരിതങ്ങൾ താണ്ടിയാണ് അന്ന അനുഭവിന്റെ അടുക്കലെത്തിയത്. വിവാഹാഭ്യർത്ഥന നടത്തിയാകും, അനുഭവ് തന്നെ സ്വീകരിക്കുക എന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും, അവന്റെ അമ്മ പൂക്കളുമായാണ് തന്നെ സ്വാഗതം ചെയ്തതെന്നും അന്ന പറയുന്നു.
Also Read:പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം: തീരുമാനവുമായി സൗദി
30 കാരിയായ അന്ന, 2019 ലെ അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലെത്തിയപ്പോഴാണ് അനുഭവിനെ പരിചയപ്പെട്ടത്. ലോക്ക്ഡൗൺ സമയത്ത്, മറ്റൊരു അവധിക്കാലത്ത് അന്ന ഇന്ത്യയിൽ വീണ്ടുമെത്തിയപ്പോൾ പരിചയം പതുക്കെ സൗഹൃദമായും പിന്നീട് പ്രണയമായും മാറി. ഇപ്പോൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. റഷ്യ-ഉക്രൈൻ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം താനും അനുഭവും മൂന്ന് തവണ വഴക്കിട്ടുണ്ടെന്ന് യുവതി ഓർമ്മിക്കുന്നു. ‘ആദ്യത്തേത്, അദ്ദേഹം എന്നോട് കീവ് വിടാൻ ആവശ്യപ്പെട്ടപ്പോൾ ആയിരുന്നു. റഷ്യ ഞങ്ങളെ ആക്രമിക്കില്ലെന്ന് ഞാൻ അവനോട് തർക്കിച്ചു. രണ്ടാമത്തേത്, അവൻ എന്നോട് ട്രെയിനിൽ കയറാൻ അപേക്ഷിച്ചപ്പോഴാണ്, എനിക്ക് അതിന് ആഗ്രഹമുണ്ടായിരുന്നില്ല. മൂന്നാമത്തെ തവണ ഞങ്ങൾ വഴക്കിട്ടത് അദ്ദേഹം എന്നോട് ബങ്കറിൽ തന്നെ സുരക്ഷിതയായി നിൽക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്. ഞാൻ അവനോട് പറഞ്ഞു, നിങ്ങൾ കാത്തിരിക്കൂ, ഞാൻ ഇന്ത്യയിലേക്ക് വരുന്നു’, അന്ന വെളിപ്പെടുത്തി.
Post Your Comments